'മുസ്ലിം ലീഗ് യുഡിഎഫ് നേതൃത്വത്തോട് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല': എം എം ഹസൻ

അർഹതയില്ലാത്തവർ അല്ലല്ലോ കൂടുതൽ സീറ്റ് ചോദിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു

dot image

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികം സീറ്റുകൾ വേണമെന്ന് മുസ്ലിം ലീഗ് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. യുഡിഎഫിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചും അതിലെ സീറ്റ് വിഭജനം സംബന്ധിച്ചും ചർച്ചകൾ ആരംഭിച്ചിട്ടില്ല. യുഡിഎഫിലെ കക്ഷികളുമായി ഒരു ഉഭയകക്ഷി ചർച്ച തീരുമാനിച്ചിരുന്നു. ഉഭയകക്ഷി ചർച്ച സീറ്റുകളുടെ കാര്യം മാത്രമല്ല, നയപരമായ കാര്യങ്ങളിൽ മറ്റു കക്ഷികൾക്ക് യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്താനുള്ള അവസരം കൂടിയാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങുമ്പോൾ മാത്രമേ ഓരോ കക്ഷിയും സീറ്റുകളുടെ കാര്യത്തിൽ അവകാശവാദങ്ങൾ മുന്നണിയിൽ ഉന്നയിക്കുകയുള്ളൂ. ഏതെങ്കിലും ഒരു ചാനലിൽ ഒരു നേതാവ് അഭിപ്രായ പ്രകടനം നടത്തിയാൽ മറുപടി പറയുന്നതെങ്ങനെ എന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്ട്ടര് ടിവിയുടെ ക്ലോസ് എന്കൗണ്ടറില് സംസാരിക്കുകയായിരുന്നു എം എം ഹസൻ.

എല്ലാ പാർട്ടികളും ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ കൂടുതൽ സീറ്റ് ആവശ്യപ്പെടും. പക്ഷേ അതൊരു യോഗത്തിന് മുന്നിൽ വരുമ്പോഴാണ് ഗൗരവപരമായി ചർച്ച ചെയ്യേണ്ടതുള്ളൂ. അർഹതയില്ലാത്തവർ അല്ലല്ലോ കൂടുതൽ സീറ്റ് ചോദിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന് മത്സരിക്കാൻ ആഗ്രഹമുള്ളതായി തനിക്ക് അറിയില്ലെന്ന് എംഎം ഹസൻ പറഞ്ഞു. 'ഞങ്ങളോട് ആരോടും അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചില്ല. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മകനോ മകളോ മത്സരിക്കണം എന്നൊരു അഭിപ്രായം വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അങ്ങനൊരു പ്രശ്നമില്ല. അച്ചു ഉമ്മന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുണ്ടെങ്കിൽ നേതൃത്വത്തോട് പറയാം. മുന്നണി അത് ചർച്ച ചെയ്യും.' എംഎം ഹസൻ പറഞ്ഞു.

ഭരണവിരുദ്ധ വികാരം കേരളത്തിൽ വോട്ടാക്കാൻ കോൺഗ്രസിനും യുഡിഎഫിനും സാധിക്കണമെന്ന് എഐസിസിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു നടത്തിയ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. തന്ത്രജ്ഞൻ സുനിൽ കനഗോലു പറഞ്ഞതിനെ ആ അർത്ഥത്തിൽ എടുക്കേണ്ട ആവശ്യമില്ല. സർക്കാരിനെതിരായ ജനങ്ങളുടെ വികാരം അതിനെ പ്രതീകാത്മകമായി തന്നെ ജനങ്ങളെ ഉണർത്തനം എന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാർ വിരുദ്ധ സമരങ്ങൾ പലതും നമ്മൾ ആയിരുന്നു നടത്തിയത്. എന്നാൽ അത് താഴെക്കിടയിലുള്ള ജനങ്ങളിലേക്ക് എത്തുന്നതിൽ കഴിയാത്തവണ്ണം താഴെ തലത്തിലുള്ള സംഘടനാ പുനഃസംഘടനാ പ്രക്രിയകൾ നടന്നപ്പോൾ അതിന് ചില പരിമിതകളുണ്ടായെന്ന് എം എം ഹസൻ അഭിപ്രായപ്പെട്ടു.

യുഡിഎഫ് അനുകൂലമായ സാഹചര്യങ്ങളെ ഒറ്റക്കെട്ടായി തന്നെ പ്രയോജനപ്പെടുത്തും. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ എല്ലാ യുഡിഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചത് കൊണ്ടാണ് വലിയ വിജയം നേടിയത്. അതിനിടയിൽ ഒരു സംഭവമുണ്ടായി. എന്നാൽ അതിനെ താൻ ന്യായീകരിക്കുന്നില്ല. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ അതിനെ ന്യായീകരിച്ചിട്ടില്ല. അതിനെ മാധ്യമങ്ങൾ പ്രവർത്തീകരിച്ച് പ്രചാരണം നടത്തിയപ്പോൾ ആണ് എകെ ആന്റണി ഉൾപ്പടെയുള്ളവർ പ്രതികരിച്ചതെന്ന് എംഎം ഹസൻ പറഞ്ഞു.

സോളാർ കേസ് സംബന്ധിച്ച് ആശയ വിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതായി അദ്ദേഹം പറഞ്ഞു. യുഡിഎഫ് സോളാർ കേസ് സംബന്ധിച്ച് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം കൊണ്ടുവന്നു. ആ ഘട്ടത്തിലാണ് ഗൂഢാലോചന സംബന്ധിച്ച തെളിവുകളുണ്ടെന്ന് സിബിഐ റിപ്പോർട്ട് പറയുന്നത്. അതിന്റെ വിശദാംശങ്ങൾ വരണമെങ്കിൽ തുടരന്വേഷണം വേണം. സിബിഐ റിപ്പോർട്ട് അടിസ്ഥാനമാക്കി നടപടിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര കേസിൽ കോൺഗ്രസ് കക്ഷി ചേരേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഭരണവിരുദ്ധ തരംഗം അലയടിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കണ്ടത് സര്ക്കാരിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്. തൃക്കാക്കരയിൽ കണ്ടതിന്റെ ഇരട്ടിയാണ് പുതുപ്പള്ളിയിൽ കണ്ടത്. സർക്കാരിനെതിരെയുള്ള ജനരോഷം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുകയാണ്. അത് മനസ്സിലാക്കികൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക്, നിയോജക മണ്ഡലങ്ങളിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. ആറ്-ഏഴ് മാസക്കാലം മാധ്യമപ്രവർത്തകരെ കാണാതെ ഒളിച്ച് നടക്കുകയായിരുന്നു മുഖ്യമന്ത്രി. ഭീഷണി വന്നപ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

ഇടതു മുന്നണിയിലെ ഒരു പ്രമുഖ കക്ഷിയാണല്ലോ സിപിഐ. അവരുടെ സംസ്ഥാന കമ്മിറ്റിയിലുണ്ടായ ഒരു വിലയിരുത്തൽ താൻ പത്രങ്ങളിൽ വായിച്ചിരുന്നു. അതിൽ പറയുന്നത് മുഖ്യമന്ത്രി പത്തും നാൽപതും വാഹനങ്ങളുടെ അകമ്പടിയോടെ പുതുപ്പള്ളിയിൽ വന്നത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. ഒരു പൊലീസുകാരന്റെപോലും അകമ്പടിയില്ലാതെയാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ വന്നിരുന്നത്.

പത്തും നാൽപതും വാഹനങ്ങളുടെ അകമ്പടിയോടെ പിണറായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വന്നതിലുള്ള അവരുടെ പ്രതികരണം കൂടിയാണ് പുതുപ്പള്ളിയിൽ ഉണ്ടായത്. ഇത് ഒരു നോൺ പെർഫോമിംഗ് ഗവണ്മെന്റ് ആണെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ എന്നും എംഎം ഹസൻ കൂട്ടിച്ചേർത്തു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image