അഖിൽ സജീവിനെ കോടതിയിൽ ഹാജരാക്കി; ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് അപേക്ഷ നൽകി

സ്പൈസസ് ബോർഡ് തട്ടിപ്പിലെ രണ്ടാം പ്രതി മുൻ യുവമോർച്ച നേതാവ് രാജേഷിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്

dot image

പത്തനംതിട്ട: നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ കോടതിയിൽ ഹാജരാക്കി. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്പൈസസ് ബോര്ഡില് ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില് സജീവിനെ അറസ്റ്റ് ചെയ്തത്. അഖിലിനെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ നൽകണമെന്ന് പൊലീസ് അപേക്ഷ നൽകി. ഇയാളെ ചോദ്യം ചെയ്തതിലൂടെ ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പുകേസിൽ ഉൾപ്പടെ പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്പൈസസ് ബോർഡ് തട്ടിപ്പിലെ രണ്ടാം പ്രതി മുൻ യുവമോർച്ച നേതാവ് രാജേഷിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.

കഴിഞ്ഞ ദിവസമായിരുന്നു അഖിൽ സജീവിനെ പത്തനംതിട്ട പൊലീസ് പിടികൂടിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖില് സജീവ് ഒളിവില് പോയിരുന്നു. തമിഴ്നാട് തേനിയില് നിന്ന് ഇന്നലെ പുലര്ച്ചെ മൂന്ന് മണിയോടെയാണ് അഖില് സജീവ് പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ഹരിദാസന് നല്കിയ പരാതി റിപ്പോര്ട്ടര് ടിവി വാര്ത്തയാക്കിയതിന് പിന്നാലെയാണ് അഖില് സജീവിനെതിരായ കൂടുതല് തട്ടിപ്പുകള് പുറത്തുവരുന്നത്.

അഖിൽ സജീവ് മുമ്പ് ചിലർക്ക് ജോലി വാങ്ങി കൊടുത്തിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കൊല്ലം കെൽട്രോണിൽ 48 ലക്ഷം രൂപ കൈപ്പറ്റി ഒരാൾക്ക് ജോലി വാങ്ങി കൊടുത്തു എന്ന വാർത്തയുണ്ട്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മുൻ എഐഎസ്എഫ് നേതാവ് കെ പി ബാസിതിനോട് വീണ്ടും ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ അനാരോഗ്യം മൂലം ഹാജരാകില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമായിരുന്നു അഖിൽ സജീവ് കെ പി ബാസിത് ഉൾപ്പടെയുള്ളവരുടെ പേരുകൾ പറഞ്ഞത്. അതേ തുടർന്നാണ് പൊലീസ് ഇയാളോട് ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image