കൊല്ലം: ചെറുപൊയ്ക സര്വീസ് സഹകരണ ബാങ്കില് ഇടപാടുകാര് അറിയാതെ അക്കൗണ്ടുകളിലേക്ക് ഒരു കോടിയിലേറെ രൂപ വന്നുപോയതിന്റെ തെളിവുകള് റിപ്പോര്ട്ടറിന്. ബാങ്ക് അംഗം രമണന്റെയും ഭാര്യയുടെയും മക്കളുടെയും അക്കൗണ്ടുകളില് ഒരുകോടിയിലേറെ രൂപ വരികയും അക്കൗണ്ട് ഉടമകള് അറിയാതെ തിരിച്ചുപോവുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് സഹകരണ രജിസ്ട്രാര്ക്കും വിജിലന്സിനും പരാതി നല്കിയെങ്കിലും നടപടിയില്ല.
കോണ്ഗ്രസ് ഭരിക്കുന്ന കൊല്ലത്തെ ചെറുപൊയ്ക സര്വീസ് സഹകരണ ബാങ്കിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. നാല് അക്കൗണ്ടുകളില് നിന്നായി വലിയ സാമ്പത്തിക അഴിമതി നടന്നെന്നാണ് പരാതിക്കാരന് പറയുന്നത്. കുടിശ്ശിക തീര്ക്കാനാണെന്ന് പറഞ്ഞ് തീയതിയും തുകയും എഴുതാതെ അഞ്ചോളം ബ്ലാങ്ക് വൗച്ചറുകള് ഒപ്പിട്ടു നല്കിയിരുന്നു. എന്നാല് കൂടുതല് വൗച്ചര് ഉപയോഗിച്ച് ബാങ്കില് നിന്ന് പണം പിന്വലിച്ചതായി കാണുന്നുണ്ട്. തുടര്ന്നാണ് രജിസ്ട്രാര്ക്ക് പരാതി നല്കിയത്. പിന്നീട് നടത്തിയ പരിശോധനയില് കൃത്രിമം നടന്നതായി കണ്ടെത്തി.
ബാങ്കിന്റെ അക്കൗണ്ടിലേക്കും ബാങ്ക് പ്രസിഡന്റിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കു ലക്ഷങ്ങള് വന്നതും പോയതുമായി രേഖകളില് ഉണ്ട്. സഹകരണ ബാങ്കുകളില് ഒരു തവണ രണ്ട് ലക്ഷം രൂപയാണ് പണമിടപാട് നടത്തുന്നതിന്റെ പരിധി. എന്നിരിക്കെ ഒറ്റത്തവണ നാല് ലക്ഷം രൂപ വരെ പണമിടപാട് നടന്നിട്ടുണ്ട്. എന്നാല് ഈ പണമൊന്നും തങ്ങള് വാങ്ങിയില്ലെന്നും ശാസ്ത്രീയമായി പരിശോധിച്ച് സത്യം വെളിച്ചത്തു കൊണ്ടുവരണമെന്നുമാണ് ഈ കുടുംബത്തിന്റെ ആവശ്യം.
2019 മാര്ച്ച് 28 മുതല് 2023 ഏപ്രില് 10 വരെയാണ് ഇടപാട് നടന്നിരിക്കുന്നത്. സംശയം തോന്നിയതോടെ ബാങ്കില് പാസ്ബുക്ക് രേഖകള് ആവശ്യപ്പെട്ടു. അതോടെ ബാങ്ക് രമണന്റെയും കുടുംബത്തിന്റെയും പാസ്ബുക്കുകള് നല്കി. എന്നാല് പാസ്ബുക്കില് ഒരേ ദിവസം നാല് പേരും ഇടപാട് നടത്തിയതായി കണ്ടതോടെ സംശയം വീണ്ടും വര്ധിച്ചു. ഇതോടെയാണ് വിജിലന്സിന് പരാതി നല്കാന് തീരുമാനിച്ചത്. 2023 ഫെബ്രുവരിക്ക് ശേഷം ഒരു രൂപ പോലും ഇടപാട് നടത്താത്ത കുടുംബത്തിന് ഇപ്പോള് 34 ലക്ഷത്തിന്റെ ബാധ്യത ഉണ്ടെന്നാണ് ബാങ്ക് പറയുന്നത്. രമണന് 13,67,305 രൂപയും രാഗിണി 130565 രൂപയും, മകളായ രമ്യ 1649225 രൂപയും മകന് രജീഷ് രണ്ട് ലക്ഷം രൂപയും നല്കാനുണ്ടെന്നാണ് കണക്ക്. ഇതെല്ലാം വ്യാജമായി ഉണ്ടാക്കിയതാണെന്നും വ്യക്തമായ കണക്ക് ബാങ്ക് പുറത്തുവിടണമെന്നുമാണ് ഇവരുടെ ആവശ്യം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക