തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് പണം നൽകിയിട്ടില്ലന്ന് നിയമന തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബാസിത് മൊഴി നൽകിയതായി പൊലീസ്. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ഇയാൾ സമ്മതിച്ചു. ബാസിതിനെ റിമാൻഡ് ചെയ്ത ശേഷം നാളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. നിയമന കൈക്കൂലി കേസിൽ ഹരിദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സിജെഎം കോടതിയാണ് രഹസ്യ മൊഴി രേഖപെടുത്താൻ അനുമതി നൽകിയത്.
അതേസമയം ദിവസങ്ങള് പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയായ ലെനിന് രാജിനെ കണ്ടെത്താന് പൊലീസിനായിട്ടില്ല. സംസ്ഥാന വ്യാപകമായി സംഘം തട്ടിപ്പ് നടത്തിയതായുള്ള പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്. പത്തനംതിട്ടയിലെ തട്ടിപ്പിന് ബിജെപി ബന്ധവും ഉണ്ട്. പത്തനംതിട്ടയിലെ കേസിൽ യുവമോർച്ച നേതാവ് പ്രതിയാണ്. സ്പൈസസ് ബോർഡിലെ നിയമനത്തിനായുള്ള പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവിൻറെ അക്കൗണ്ടിലേക്കാണ്. അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികളാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു.