തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ ജീവനക്കാർക്ക് താക്കീതുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. പ്രസിഡന്റ് യു ഷറഫലിയുടെ ധൂർത്ത് സംബന്ധിച്ച റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. കൗൺസിലിലെ വിവരങ്ങൾ പുറത്തുപോയെന്ന് ആരോപിച്ചായിരുന്നു താക്കീത്. ഇന്നലെ ഉച്ചയ്ക്ക് മുഴുവൻ ജീവനക്കാരെയും ചേംബറിലേക്ക് വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു.
കൗൺസിൽ പ്രസിഡന്റ് യു ഷറഫലിയുടെയും സെക്രട്ടറിയുടെയും സാന്നിധ്യത്തിലായിരുന്നു ശാസന. സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന കാര്യം പറയുന്നതിനിടിയിലായിരുന്നു ജീവനക്കാർക്ക് മന്ത്രി മുന്നറിയിപ്പ് നൽകിയത്. കൗൺസിലിലെ വിവരങ്ങൾ പുറത്ത് കൊടുത്തത് കുടുംബത്തെ കുത്തുന്നത് പോലെയാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് ചെയ്തവരെ ഇന്ന് അല്ലെങ്കിൽ നാളെ കണ്ടുപിടിക്കും. പിടികൂടിയവരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. എന്നാൽ പ്രസിഡന്റ് യു ഷറഫലിയുടെ ധൂർത്തിനെപ്പറ്റി മന്ത്രി ഒന്നും മിണ്ടിയില്ല.
കളിക്കളങ്ങൾ പരിപാലിക്കാനും ജീവനക്കാർക്ക് ആനുകൂല്യം നൽകാനും പണമില്ലാതിരിക്കെയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലിക്ക് എതിരെ ധൂർത്ത് ആക്ഷേപം ഉയർന്നത്. പ്രസിഡന്റിന്റെ വ്യക്തിപരമായ ചെലവുകൾക്ക് കൗൺസിലിന്റെ പണം ഉപയോഗിക്കുന്നു. ഷവർമ, ഷൂ റാക്ക്, മരുന്ന് തുടങ്ങിയവ വാങ്ങുന്നത് കൗൺസിലിന്റെ ചെലവിലെന്നാണ് ആരോപണം. കൗൺസിലിൽ സമർപ്പിച്ച ബില്ലുകൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിരുന്നു.
കൗൺസിൽ പ്രസിഡന്റ് യു ഷറഫലി പാളയത്തെ ഹോട്ടലിൽ ഷവർമ കഴിച്ചതിന്റെ ബില്ലടക്കം റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. ജൂൺ 7നും 17നും ഷവർമ കഴിച്ചത് റീ ഇംപേഴ്സ്മെന്റിന് കൗൺസിലിൽ കൊടുത്തു.1000 രൂപക്ക് മീൻ വിഭവം കഴിച്ച 1922 രൂപയുടെ ബില്ലും റീ ഇംപേഴ്സ്മെന്റിന് കൊടുത്തതിലുണ്ട്. അതിഥി സൽക്കാരമാണെന്ന് തോന്നാമെങ്കിലും പലപ്പോഴും ഒരാളുടെ ഭക്ഷണത്തിന്റെ കണക്ക് മാത്രമാണ് കാണുന്നത്. ഭക്ഷണം മാത്രമല്ല താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഷൂറാക്ക് വാങ്ങിയതും കൗൺസിലിന്റെ ചെലവിൽ. ഫ്ളാറ്റ് വാടക 26000 രൂപയും കൗൺസിലിന്റെ പണത്തിൽ നിന്നാണ് കൊടുത്തത്. മാത്രമല്ല പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും കൊളസ്ട്രോളിനും വാങ്ങിയ മരുന്നിൻെറ ബില്ലും കൗൺസിൽ കൊടുക്കുന്ന സ്ഥിതിയാണുള്ളത്.