ഹർജിക്കാർ തൊഴുകൈയ്യോടെ വരേണ്ട ഇടമല്ല കോടതി; ഹൈക്കോടതി

തൊഴുകൈയും കണ്ണീരുമായി കോടതിയെ സമീപിച്ച ഹരജിക്കാരിയോടാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ശ്യാം ദേവരാജ്
1 min read|13 Oct 2023, 09:45 pm
dot image

കൊച്ചി: ഹർജിക്കാർ തൊഴുകൈയ്യോടെ വരേണ്ട ഇടമല്ല കോടതിയെന്ന് ഹൈക്കോടതി. ഭരണഘടനാപരമായ അവകാശത്തിനു വേണ്ടിയാണ് കക്ഷികൾ കോടതിയിൽ വരുന്നത്. നീതിയുടെ ദേവാലയമാണെങ്കിലും ദൈവങ്ങൾക്ക് പകരം ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്ന ജഡ്ജിമാരാണ് കോടതികളിൽ ഇരിക്കുന്നത് എന്നും ഹൈക്കോടതി പറഞ്ഞു. തൊഴുകൈയും കണ്ണീരുമായി കോടതിയെ സമീപിച്ച ഹരജിക്കാരിയോടാണ് കോടതി ഇക്കാര്യം പറഞ്ഞത്.

വരുന്നവർ ഔചിത്യം പാലിക്കണം. അല്ലാതെ ഹരജിക്കാർ തൊഴുകൈയോടെ വരേണ്ടയിടമല്ലെന്നും കോടതി പറഞ്ഞു. പ്രാർത്ഥാനാലയത്തിലെ ശബ്ദശല്യത്തെക്കുറിച്ചുള്ള പരാതിയെ കുറിച്ചറിയാൻ ഫോണിൽ വിളിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്ന പേരിൽ ആലപ്പുഴ സ്വദേശിനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് 51കാരി കോടതിയിൽ നേരിട്ടെത്തിയത്. കേസ് റദ്ദാക്കിയ കോടതി ആലപ്പുഴ നോർത്ത് പൊലീസ് ഏത് സാഹചര്യത്തിലാണ് പരാതിക്കാരിക്കെതിരെ കേസെടുത്തതെന്ന് അന്വേഷിക്കാൻ ആലപ്പുഴ എസ്പിക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കണം എന്നും എസ്പിക്ക് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദേശം നൽകി.

പൊലീസ് അന്യായമായി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നേരിട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രാർത്ഥനാ കേന്ദ്രത്തിൽ നിന്നുള്ള ശബ്ദം അസഹ്യമായതോടെ പരാതി നൽകിയെന്നും തുടർ നടപടി അറിയാൻ സ്റ്റേഷൻ ഇൻസ്പെക്ടറെ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹരജി നൽകിയത്.

2019ലായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. ഹരജിക്കാരിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല. ഇൻസ്പെക്ടറെ പരാതിക്കാരി വിളിച്ച് അസഭ്യം പറയുന്ന സംഭവം സാധാരണ ഗതിയിൽ നമ്മുടെ സമൂഹത്തിൽ നടന്നുവെന്ന് വിശ്വസിക്കാനാവില്ല. ആളുകൾ പൊതുവേ പൊലീസിനെ ബഹുമാനിക്കുന്നവരാണ് എന്നും കോടതി നിരീക്ഷിച്ചു.

ഹർജിക്കാരിക്ക് എതിരായ ആരോപണം വിശ്വസനീയമല്ല. കേസെടുത്ത ഉദ്യോഗസ്ഥനെതിരെ വേറെയും പരാതികളുണ്ട്. പരാതിക്കാരിയുടെ വാദം സത്യമെങ്കിൽ ഉദ്യോഗസ്ഥൻ ഇതിനുള്ള പ്രത്യാഘാതം അനുഭവിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us