തിരുവനന്തപുരം: ഹരിദാസന്റെ മൊഴി പ്രകാരം പണം നല്കാനായി തിരുവനന്തപുരത്ത് എത്തി എന്ന് പറഞ്ഞ ദിവസം, ഹരിദാസനും ബാസിത്തും താമസിച്ചത് എംഎല്എ ഹോസ്റ്റലില്. ഏപ്രില് 10, 11 തീയതികളില് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഇരുവരും കൊടുങ്ങല്ലൂര് എംഎല്എ വി ആര് സുനില് കുമാറിന്റെ മുറിയിലാണ് താമസിച്ചത്. മുന് എഐഎസ്എഫ് നേതാവ് കൂടിയായ ബാസിത്തിന് ഒരു സുഹൃത്ത് മുഖേനയാണ് താമസിക്കാന് എംഎല്എ ഹോസ്റ്റലില് മുറി ലഭിച്ചതെന്നാണ് വിശദീകരണം. സുഹൃത്താണ് മുറി ശരിയാക്കി തന്നതെന്ന് ബാസിത് മൊഴി നല്കിയിട്ടുണ്ട്.
അതിനിടെ കേസിലെ ഒന്നാം പ്രതിയായ അഖില് സജീവ് തട്ടിപ്പില് തന്റെ പങ്ക് സമ്മതിച്ചു. 5 ദിവസത്തേക്ക് കസ്റ്റഡിയില് വാങ്ങിയ ഒന്നാം പ്രതി അഖില് സജീവിനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പിലെ പങ്ക് വെളിപ്പെടുത്തി കുറ്റസമ്മതം നടത്തിയത്. പക്ഷെ കേസിലെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ ചിത്രം ഇനിയും ലഭിക്കേണ്ടതുണ്ട്. അതിനാല് അഖില് സജീവിനെയും കേസിലെ നാലാം പ്രതി ബാസിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം 3 ദിവസം കസ്റ്റഡിയില് ലഭിച്ച റയീസിന്റെ കസ്റ്റഡി കലാവധി ഇന്നലെ അവസാനിച്ചു.
ഏപ്രില് 10-ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപമെത്തി ആരോഗ്യവകുപ്പ് മന്ത്രിയുടെ പേഴ്സണല് സ്റ്റാഫ് അംഗം അഖില് മാത്യുവിന് പണം കൈമാറിയെന്നായിരുന്നു ഹരിദാസിന്റെ ആദ്യ പരാതി. എന്നാല് ബാസിത് പറഞ്ഞിട്ടാണ് അഖില് മാത്യുവിന്റെ പേര് പറഞ്ഞതെന്ന് ഹരിദാസന് പിന്നീട് മൊഴി നല്കിയിരുന്നു. ഏപ്രില് 10-ന് സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയെങ്കിലും ആര്ക്കും പണം കൈമാറിയിരുന്നില്ലെന്നാണ് ഹരിദാസന് വിശദമായ ചോദ്യം ചെയ്യലില് പൊലീസിനോട് വെളിപ്പെടുത്തയത്.
ആരോഗ്യമന്ത്രിയുടെ പേഴ്സണല് സ്റ്റാഫ് അംഗത്തിന് പണം നല്കിയിട്ടില്ലെന്ന് നിയമന തട്ടിപ്പ് കേസില് അറസ്റ്റിലായ ബാസിത്തും മൊഴി നല്കിയിരുന്നു. ഹരിദാസനില് നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. മന്ത്രിയുടെ പേഴ്സണല് സ്റ്റാഫ് അംഗത്തിന്റെ പേര് പരാതിയില് എഴുതി ചേര്ത്തത് താനെന്നും ബാസിത് സമ്മതിച്ചിരുന്നു.