കൊച്ചി: സോളാര് കേസില് കൊട്ടാരക്കര ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര് നല്കിയ ഹര്ജിയിൽ ഹൈക്കോടതി ഇന്ന് വാദം കേള്ക്കും. ഇരുഭാഗത്തിനും വേണ്ടി ഹൈക്കോടതിയിലെ മുതിര്ന്ന അഭിഭാഷകരാണ് ഹാജരാകുന്നത്.
സോളാര് പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയില് പേര് കൂട്ടിച്ചേര്ക്കാന് ഗണേഷ് കുമാര് ഗൂഢാലോചന നടത്തിയെന്നാണ് ഉമ്മന് ചാണ്ടി മജിസ്ട്രേറ്റ് കോടതിയില് നല്കിയ സ്വകാര്യ അന്യായം. കേസില് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള് റദ്ദാക്കണമെന്നാണ് ഗണേഷിന്റെ ആവശ്യം. കേസില് 18ന് ഗണേഷ് കുമാര് നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതിയുടെ സമന്സ് നിലവിലുണ്ട്.
സോളാര് പീഡനക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഗണേഷ്കുമാര് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് ആണ് പരാതിക്കാരിക്കും കെ ബി ഗണേഷ് കുമാറിനുമെതിരെ കൊട്ടാരക്കര കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും സുധീർ ജേക്കബ് ആരോപിച്ചിരുന്നു.