കൊച്ചി: സോളാര് ഗൂഢാലോചന കേസില് കെ ബി ഗണേഷ് കുമാര് തല്ക്കാലം മജിസ്ട്രേറ്റ് കോടതിയില് ഹാജരാകേണ്ടതില്ല. മറ്റന്നാള് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടെ സമന്സിലാണ് ഹൈക്കോടതിയുടെ ഇടപെടല്. പത്ത് ദിവസത്തേക്കാണ് ഗണേഷ് കുമാറിന് ഇളവ് നല്കിയത്. സോളാര് ഗൂഢാലോചന കേസിലെ നടപടികള് റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹര്ജി വിധി പറയാന് മാറ്റിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ്. സോളാര് പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയില് പേര് കൂട്ടിച്ചേര്ക്കാന് ഗണേഷ് കുമാര് ഗൂഡാലോചന നടത്തിയെന്നായിരുന്നു ഉമ്മന് ചാണ്ടിയുടെ സ്വകാര്യ അന്യായം.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്ന ആരോപണം യുഡിഎഫ് കടുപ്പിച്ചിരുന്നു. ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് രംഗത്ത് വന്നിരുന്നു. സെപ്റ്റംബർ 18ന് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിൽ ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് യുഡിഎഫ് ഗണേഷ് കുമാറിനെതിരായ നിലപാട് കടുപ്പിക്കുന്നത്.
സോളാർ ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതി ഗണേഷ് കുമാർ; രണ്ടാം പ്രതി പിണറായി: കെ മുരളീധരൻ