ഉദ്ഘാടന യോഗത്തിൽ ആളൊഴിഞ്ഞ കസേരകൾ; വനിതാ പഞ്ചായത്ത് പ്രസിഡന്റിന് എം എം മണിയുടെ ശകാരം

യുഡിഎഫ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്താണ് പരിപാടി സംഘടിപ്പിച്ചത്

dot image

നെടുങ്കണ്ടം: എം എം മണി എംഎൽഎ ഉദ്ഘാടനത്തിനെത്തിയ സദസിൽ കണ്ടത് ആളൊഴിഞ്ഞ കസേരകൾ. ഇതോടെ കൂട്ടാറിലെ ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനത്തിനെത്തിയ എംഎം മണി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ഘാടന പ്രസംഗത്തിനിടെ ശകാരിച്ചു. യുഡിഎഫ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്താണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

‘‘ആളെക്കൂട്ടി പരിപാടി വയ്ക്കേണ്ടതാ, അതൊന്നും ചെയ്തിട്ടില്ല. പണം മുടക്കുന്നതു ഞങ്ങളാണ്. പരിപാടി നടത്തുമ്പോൾ ആളുകളെ കൂട്ടാനുള്ള സാമാന്യമര്യാദ കാണിക്കണം. ചുമ്മാ ഒരുമാതിരി ഏർപ്പാടാ നടത്തിയത്. എനിക്കീ കാര്യത്തിൽ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയിൽ നിങ്ങളിക്കാര്യത്തിൽ സാമാന്യമര്യാദ കാണിച്ചില്ല’’, അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റിനോടു പറഞ്ഞു.

പിന്നാലെ സ്റ്റേജ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച്, ക്ഷുഭിതനായി എംഎൽഎ വേദി വിട്ടു. എന്നാൽ ഉദ്ഘാടന യോഗം നേരത്തേ തുടങ്ങിയതിനാലാണ് ജനങ്ങൾ എത്താതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു. 6 മണിക്കായിരുന്നു ഉദ്ഘാടനയോഗം നിശ്ചയിച്ചിരുന്നത്. 5.15-ന് എംഎൽഎ എത്തിയ ഉടൻ യോഗം തുടങ്ങാൻ നിർദേശിക്കുകയായിരുന്നുവെന്നും ഇതോടെയാണ് ആളൊഴിഞ്ഞ വേദിയിൽ ചടങ്ങ് നടത്തേണ്ടിവന്നതെന്നും മിനി പ്രിൻസ് പറയുന്നു. മുൻപ് എംഎം മണി എംഎൽഎയുടെ 'നാവ് നേരെയാകാൻ' പ്രാർഥനായജ്ഞം സംഘടിപ്പിച്ചയാളാണ് മഹിളാ കോൺഗ്രസ് നേതാവായ മിനി പ്രിൻസ്.

dot image
To advertise here,contact us
dot image