ന്യൂഡല്ഹി: 69ാ-മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്നു നടക്കും. വൈകുന്നേരം ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്യും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും പുരസ്കാര ചടങ്ങിനുണ്ടാകും.
മികച്ച നടൻ അല്ലു അർജുൻ, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവരടക്കമുള്ള അവാർഡ് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങും. 'ഹോം' എന്ന സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം നേടിയ ഇന്ദ്രൻസ്, നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ വിഷ്ണുമോഹൻ (മേപ്പടിയാൻ), ഒറിജിനൽ തിരക്കഥയ്ക്ക് പുരസ്കാരം നേടിയ ഷാഹി കബീർ (നായാട്ട്), പരിസ്ഥിതിചിത്രമായ ആവാസവ്യൂഹത്തിന്റെ സംവിധായകൻ കൃഷാന്ദ്, ലൊക്കേഷൻ ശബ്ദലേഖനത്തിന് അരുൺ അശോക്, സോനു കെ പി (ചവിട്ട്) എന്നിവരും ഹിന്ദി ചിത്രമായ ഗംഗുഭായ് കത്തിയാവാഡിയുടെ റീ റെക്കാഡിംഗിന് മലയാളി സിനോയ് ജോസഫും അവാർഡ് ഏറ്റുവാങ്ങും.