കൊച്ചി: ഡോക്ടര് വന്ദനാദാസിന്റെ കൊലപാതകത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാതാപിതാക്കളുടെ പരാതി പരിഗണിച്ച് സ്വീകരിച്ച നടപടികള് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിക്കും. കേസ് ഡയറി പരിശോധിച്ചത് സംബന്ധിച്ചും ഡിജിപി വിശദീകരണം നല്കും. സിംഗിള് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് അനുസരിച്ചാണ് നടപടി. അന്വേഷണത്തില് വീഴ്ചയുണ്ടെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് മാതാപിതാക്കള് നല്കിയ ഹര്ജിയിലെ ആവശ്യം. കേസിലെ ഏക പ്രതി സന്ദീപിനെ പിടികൂടി. അന്വേഷണം ശാസ്ത്രീയമായി പൂര്ത്തീകരിച്ച് കുറ്റപത്രം നല്കി.
കേസില് അന്വേഷണം ശാസ്ത്രീയമായി പൂര്ത്തിയാക്കി കുറ്റപത്രം നല്കിയെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്ക്കാരിന്റെ നിലപാട്.
2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം നെടുമ്പന യുപിഎസിലെ അധ്യാപകനായിരുന്ന സന്ദീപിനെ സര്വീസില് നിന്ന് നീക്കം ചെയ്തിരുന്നു.