'ലോകത്തിലെ എല്ലാ മലയാളികള്ക്കുമൊപ്പം ഞാനും'; വിഎസിന് പിറന്നാള് ആശംസകള് നേര്ന്ന് എം വി ഗോവിന്ദന്

നൂറ് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവര്ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രം കൂടിയാണ്

dot image

തിരുവനന്തപുരം: നൂറാം പിറന്നാള് ആഘോഷിക്കുന്ന മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പിറന്നാള് ആശംസകള് നേര്ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പൊതുരംഗത്ത് നൂറ് വയസ്സിന്റെ നിറവിലെത്തുന്നത് അപൂര്വമാണ്. അതില്ത്തന്നെ സിംഹഭാഗവും സജീവമായി രാഷ്ട്രീയ നേതൃനിരയില് നിറഞ്ഞുനില്ക്കുക എന്നതും അധികം സംഭവിക്കുന്ന കാര്യമല്ല. നൂറ് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവര്ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണെന്ന് എം വി ഗോവിന്ദന് പറഞ്ഞു.

ആശംസാകുറിപ്പിന്റെ പൂര്ണരൂപം-

നൂറിന്റെ നിറവിലെത്തിയ മുതിര്ന്ന സിപിഐ എം നേതാവും മുന് മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ലോകത്തിലെ എല്ലാ മലയാളികള്ക്കും ഒപ്പം ആരോഗ്യവും സന്തോഷവും നേരുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആശംസാ സന്ദേശത്തില് പറഞ്ഞു.

പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂര്വമാണ്. അതില്ത്തന്നെ സിംഹഭാഗവും സജീവമായി രാഷ്ട്രീയ നേതൃനിരയില് നിറഞ്ഞുനില്ക്കുക എന്നതും അധികം സംഭവിക്കുന്ന കാര്യമല്ല. നൂറു വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവര്ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്.

ദരിദ്ര ചുറ്റുപാടില് ജനിച്ച്, ചെറുപ്പത്തില്തന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട് പ്രൈമറി ക്ലാസില് വിദ്യാഭ്യാസം മുടങ്ങി. ജീവിതം കരുപ്പിടിപ്പിക്കാന് പതിനൊന്നാം വയസ് മുതല് അധ്വാനിക്കേണ്ടി വന്ന ആള്. ആസ്പിന് വാള് കയര് ഫാക്ടറി തൊഴിലാളിയായി ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോള് ആലപ്പുഴയില് സഖാവ് പി കൃഷ്ണപിള്ളയെ കാണാനിടയായതും കൃഷ്ണപിള്ളയുടെ യോഗങ്ങളില്നിന്ന് ലഭിച്ച ബോധ്യങ്ങളുമാണ് വി എസിനെ രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ വഴികളിലേക്ക് എത്തിച്ചത്.

കൃഷ്ണപിള്ള നല്കിയ പാഠങ്ങള് വി എസിനെ കയര് ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു കരുത്തു പകര്ന്നു. പിന്നീട് കുട്ടനാട്ടില് കര്ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യമായി.

അവിടെ നിന്നാണ് തിരുവിതാംകൂര് കര്ഷകത്തൊഴിലാളി യൂണിയന് രൂപീകൃതമാകുന്നത്. ഇതു പിന്നീട് കര്ഷക തൊഴിലാളികളുടെ ഏറ്റവും വലിയ സമര സംഘടനയായ കേരളാ സ്റ്റേറ്റ് കര്ഷകത്തൊഴിലാളി യൂണിയനായും തുടര്ന്ന് അഖിലേന്ത്യാ കര്ഷകത്തൊഴിലാളി യൂണിയനായും വളര്ന്നു പന്തലിക്കുകയും ചെയ്തു. കര്ഷകത്തൊഴിലാളികളുടെ വര്ഗ പ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കുന്നതില് വി എസ് വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.

ഈ സമരാനുഭവങ്ങളുടെയെല്ലാം കരുത്തില് നിന്നാണ് കേരളത്തിലെ തൊഴിലാളി വര്ഗ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വി എസ് എന്ന നേതാവ് ഉയര്ന്നുവന്നത്. ഐതിഹാസികമായ പുന്നപ്ര-വയലാര് സമര സംഘാടന പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടവരെ പൊലിസ് തെരഞ്ഞുകൊണ്ടിരുന്നതു കൊണ്ട് പാര്ടി നിര്ദേശപ്രകാരം വി എസ് കോട്ടയത്തേക്കും പിന്നീട് അവിടെനിന്ന് പൂഞ്ഞാറിലേക്കും പോയി. ഇവിടെ ഒളിവിലിരിക്കുമ്പോഴാണ് അദ്ദേഹം പൊലീസ് പിടിയിലായതും, തുടര്ന്ന് പൊലീസിന്റെ മൂന്നാം മുറയ്ക്ക് വിധേയനാകുന്നതും. പിന്നെ ഏറെ നാളത്തെ ജയില് ജീവിതം.

1956 നവംബര് ഒന്നിന്റെ കേരളപ്പിറവി, 1957 ഏപ്രില് 5 ന് ലോകത്തെയാകെ വിസ്മയിപ്പിച്ചു കൊണ്ട് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരത്തിലെത്തിയത് എന്നിവയ്ക്കെല്ലാം അദ്ദേഹം സാക്ഷിയായി. 1964 ല് പാര്ട്ടിയില് ഭിന്നിപ്പുണ്ടായപ്പോള് വലതുവ്യതിയാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ദേശീയ കൗണ്സിലില് നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന, കേരളത്തിലെ ഏക സഖാവാണ് വി എസ്

. സിപിഐ എം സംസ്ഥാന സെക്രട്ടറി, നിയമസഭാ സാമാജികന്, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ച വി എസ് എന്ന വിപ്ലവകാരിക്ക് കേരളത്തിലെ മുഴുവന് ജനങ്ങളുടെയും ഹൃദയത്തില് സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. പ്രിയ സഖാവ് വി എസിന് ഹൃദയം നിറഞ്ഞ ആശംസകള്- എം വി ഗോവിന്ദന് മാസ്റ്റര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us