വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തില് ആകസ്മികമായ തിരിച്ചടികള് നേരിട്ട കാലയളവായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകം. 1991ല് അവിചാരിതമായി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. കാലാവധി പൂര്ത്തിയാക്കാത്ത നായനാര് സര്ക്കാരിനെ പിരിച്ചുവിട്ട് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് ശുപാര്ശ ചെയ്യാന് സിപിഐഎം തീരുമാനിച്ചു. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയാകാന് വേണ്ടിയാണ് ആ നീക്കമെന്ന് ആക്ഷേപം ഉണ്ടായിരുന്നു. സംഘടനാ രംഗത്തുള്ളവര് പാര്ലമെന്ററി രംഗത്തേക്കും പാര്ലമെന്ററി രംഗത്തുള്ളവര് സംഘടനാ രംഗത്തേക്കും എന്ന നിലപാട് വിഎസ് നേരത്തെ മുന്നോട്ടുവച്ചിരുന്നു.
തുടര്ഭരണവും മുഖ്യമന്ത്രി സ്ഥാനവും ഉറപ്പിച്ച് വിഎസ് അച്യുതാനന്ദന് മാരാരിക്കുളത്ത് മത്സരത്തിനിറങ്ങി. കോണ്ഗ്രസിന്റെ ആലപ്പുഴയിലെ കരുത്തനായ ഡി സുഗതനായിരുന്നു എതിരാളി. ഇടതുപക്ഷത്തിന് വിജയപ്രതീക്ഷ ഉയര്ത്തി തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോഴായിരുന്നു ആകസ്മികമായി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പരിണിത പ്രജ്ഞനായ കരുണാകരന് സഹതാപതരംഗം നന്നായി മുതലെടുത്തു. രാജീവിന്റെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില് ഇടതുപക്ഷം പരാജയപ്പെട്ടു. മുഖ്യമന്ത്രി പദം ഉറപ്പിച്ചിരുന്ന വിഎസിന് പക്ഷെ പാര്ട്ടി പ്രതിപക്ഷത്ത് ഇരിക്കുന്നത് കാണേണ്ടി വന്നു.
1991 അവസാനം കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില് പാര്ട്ടി സെക്രട്ടറി പദവിയും വിഎസിന് നഷ്ടമായി. സംസ്ഥാന സമ്മേളനത്തില് സെക്രട്ടറി സ്ഥാനത്തേക്ക് ഇ കെ നായനാര് വെല്ലുവിളി ഉയര്ത്തിയപ്പോള് വിഎസ് 4 വോട്ടിന് പരാജിതനായി. പിന്നീട് പ്രതിപക്ഷ നേതാവായി മാറിയ വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായാണ് 1996ല് മാരാരിക്കുളത്ത് രണ്ടാം ഊഴത്തിനിറങ്ങുന്നത്. പാര്ട്ടി സമ്മേളനത്തില് വിഎസിനേറ്റ പരാജയത്തിന്റെ മുറിവില് ഉപ്പുപുരട്ടുന്ന തിരഞ്ഞെടുപ്പ് ഫലമായിരുന്നു മാരാരിക്കുളം കാത്തുവച്ചത്. ഇത്തവണ പാര്ട്ടി വിജയിച്ചപ്പോള് വിഎസ് പരാജയപ്പെട്ടു.
മാരാരിക്കുളത്ത് രണ്ടാമതും മത്സരിക്കാനെത്തിയ വിഎസിനെതിരെ കോണ്ഗ്രസിന് വിജയപ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അതിനാല് തന്നെ മാരാരിക്കുളത്ത് മത്സരിക്കാന് പേരെടുത്ത കോണ്ഗ്രസ് നേതാക്കളൊന്നും തയ്യാറായിരുന്നില്ല. ഗൗരിയമ്മയെ പാര്ട്ടി പുറത്താക്കിയ അന്തരീക്ഷത്തില് പോലും മാരാരിക്കുളത്തെ സിപിഐഎം കോട്ടയില് എന്തെങ്കിലും അട്ടിമറി യുഡിഎഫ് പോലും പ്രതീക്ഷിരുന്നില്ല. ഒടുവില് കരുണാകര പക്ഷക്കാരനും ആലപ്പുഴ ഡിസിസി പക്ഷക്കാരനുമായ പി ജെ ഫ്രാന്സിസ് ആണ് മാരാരിക്കുളത്ത് മത്സരിക്കാനെത്തിയത്.
നേരത്തെ 1987ലും 1991ലും അരൂരില് സാക്ഷാല് ഗൗരിയമ്മയോട് തുടര്ച്ചയായി പരാജയപ്പെട്ട പി ജെ ഫ്രാന്സിസ് കോണ്ഗ്രസിലെ സീറ്റ് ധാരണയുടെ ഭാഗമായാണ് മാരാരിക്കുളത്ത് മത്സരിക്കാനെത്തുന്നത്. പിജെ ഫ്രാന്സിസിനെ സംബന്ധിച്ച് ജന്മനാട് കൂടിയായിരുന്നു മാരാരിക്കുളം. ഒടുവില് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള് 1965 വോട്ടുകള്ക്ക് വി എസ് അച്യുതാനന്ദന് പരാജയപ്പെട്ടു. വിഎസ് തോറ്റ 1965 എന്ന അക്കത്തിനും ആകസ്മികതയുണ്ടായിരുന്നു. വിഎസ് ആദ്യമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് 1965ല് ആയിരുന്നു. സിപിഐഎം രൂപികൃതമായതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില് അമ്പലപ്പുഴയില് മത്സരിച്ച വിഎസ് 2327 വോട്ടിന് കോണ്ഗ്രസിന്റെ കെ എസ് കൃഷ്ണക്കുറുപ്പിനോട് പരാജയപ്പെടുകയായിരുന്നു. പക്ഷെ അന്നത്തെ പരാജയം പോലെയായിരുന്നില്ല മൂന്ന് പതിറ്റാണ്ടിനിപ്പുറം ആലപ്പുഴയിലെ പാര്ട്ടി കോട്ടയില് വിഎസിനേറ്റ പരാജയം. വിഎസ് ജയിക്കുമ്പോള് പാര്ട്ടി തോല്ക്കും പാര്ട്ടി തോല്ക്കുമ്പോള് വിഎസ് ജയിക്കുമെന്ന വിവരണവും ഈ തിരഞ്ഞെടുപ്പോടെ രൂപപ്പെട്ടു.
സിപിഐഎമ്മില് വിഎസ് പക്ഷവും സിഐടിയു പക്ഷവും നേര്ക്കുനേര് പോര്മുഖം തുറന്ന കാലമായിരുന്നു അത്. പാര്ട്ടി വോട്ട് മറിയാതെ വിഎസിനെപ്പോലൊരു നേതാവ് മാരാരിക്കുളത്ത് തോല്ക്കില്ലെന്ന് ഉറപ്പ്. എതിര്സ്ഥാനാര്ത്ഥിയുടെ എന്തെങ്കിലും മികവായിരുന്നില്ല വിഎസിന്റെ പരാജയം ഉറപ്പിച്ചത്, മറിച്ച് പാര്ട്ടിക്കുള്ളില് നിന്നുള്ള കുതികാല്വെട്ട് തന്നെയായിരുന്നു. വിഎസിനും അത് തീര്ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി കെ പളനിക്കെതിരെ വിഎസ് പാര്ട്ടി നേതൃത്വത്തിന് പരാതി നല്കി. അന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു ടി കെ പളനി. ജില്ലാ കമ്മിറ്റി അംഗമായ സി കെ ഭാസ്കരനെതിരെയും വിഎസ് നടപടി ആവശ്യപ്പെട്ടിരുന്നു. പാര്ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് വിഎസിന്റെ പരാജയത്തിന്റെ കാരണം വിഭാഗീയതയാണെന്ന് കണ്ടെത്തി. ടികെ പളനിയെയും സികെ ഭാസ്കരനെയും സിപിഐഎം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിന് കാരണം പാര്ട്ടിയിലെ വിഭാഗീയതയല്ലെന്നായിരുന്നു മരണം വരെ ടികെ പളനി വാദിച്ചിരുന്നത്. ഗൗരിയമ്മ പാര്ട്ടി വിട്ട സാഹചര്യവും മാരാരിക്കുളത്ത് ഗൗരിയമ്മയ്ക്കുണ്ടായിരുന്ന സാധ്വീനവും തിരഞ്ഞെടുപ്പ് ഘട്ടത്തില് വിഎസ് തിരിച്ചറിഞ്ഞില്ലെന്നായിരുന്നു പളനിയുടെ നിലപാട്. ആലപ്പുഴക്കാരായ എ കെ ആന്റണിയും വി എം സുധീരനും ഗൗരിയമ്മയും മാരാരിക്കുളത്ത് നടത്തിയ പ്രചരണം വിഎസിന്റെ തോല്വി ഉറപ്പിച്ചു എന്നായിരുന്നു പളനിയുടെ വിലയിരുത്തല്. എന്തായാലും പിന്നീട് സിപിഐഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില് ദീര്ഘകാല പ്രത്യാഘാതം സൃഷ്ടിച്ച ഒന്നായിരുന്നു വി എസ് അച്യുതാനന്ദന്റെ മാരാരിക്കുളത്തെ തിരഞ്ഞെടുപ്പ് പരാജയവും അതിന്റെ പ്രകമ്പനങ്ങളും.