തൃശ്ശൂര്: ടോള് പിരിക്കാതെ വാഹനങ്ങള് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് പാലിയേക്കരയില് കോണ്ഗ്രസിന്റെ നേതൃത്വത്തില് പ്രതിഷേധം നടത്തി. കോണ്ഗ്രസ് പ്രവര്ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്ഷത്തില് ടി എന് പ്രതാപന് എംപിയുടെ കൈക്ക് പരിക്കേറ്റു. കോണ്ഗ്രസ് നടത്തിയ പ്രതിഷേധം വഷളാക്കിയത് പൊലീസാണെന്നും പൊലീസ് മനഃപൂര്വം സംഘര്ഷം സൃഷ്ടിച്ചുവെന്നും വി ടി ബല്റാം ആരോപിച്ചു.
പൊലീസിന്റെ പ്രവര്ത്തിക്ക് പിന്നില് രാഷ്ട്രീയ നിര്ദേശമുണ്ട്. പാലിയേക്കരയില് കോടി കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇ ടി കണ്ടെത്തിയതാണ്. കാലങ്ങളായുള്ള ചൂഷണമാണ് നടക്കുന്നത്. കേരള പൊലീസ് എന്തിനാണ് കള്ള കമ്പനികളെ സംരക്ഷിക്കുന്നത്. കേരള സര്ക്കാര് അതിനെ പിന്തുണക്കുകയാണ്. പ്രതിഷേധത്തില് വനിതാ പ്രവര്ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനാണ് തീരുമാനം. അന്വേഷണം പൂര്ത്തിയാക്കുന്നത് വരെ ടോള് പിരിവ് നിര്ത്തി വെക്കണമെന്നും വി ടി ബല്റാം പറഞ്ഞു.
പാലിയേക്കര ടോൾ പ്ലാസയുടെ ഓഫീസിൽ കഴിഞ്ഞദിവസം ഈ ഡി നടത്തിയ പരിശോധനയിൽ 125 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. പണിപൂർത്തീകരിച്ചു എന്ന് നിരന്തരം കള്ള റിപ്പോർട്ട് നൽകിയാണ് കരാറുകാർ കാലങ്ങളായി യാത്രക്കാരെ ചൂഷണം ചെയ്യുന്നത്.