രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന നേതാവ്. വിഎസ് അച്യുതാനന്ദന് എന്ന കേരളത്തിന്റെ കണ്ണും കരളുമായ വിഎസിനെ ഒറ്റവാചകത്തില് ഇങ്ങനെ വിശേഷിപ്പിക്കാം. എതിര്ചേരിയിലുള്ളവരും, കുട്ടികളും വയോധികരും, രാഷ്ട്രീയം അറിയാത്തവര് പോലും വി എസിനെ വികാരമായി കൊണ്ടുനടക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന് നായനാര്ക്ക് ശേഷം ജനകീയ മുഖം പിന്തുടര്ന്ന നേതാവും വിഎസ് തന്നെയാണ്.
വെല്ലുവിളികളും കനല്വഴികളും വിമര്ശനങ്ങളും പരിഹാസങ്ങളും എല്ലാം നേരിട്ടുള്ള സംഭവബഹുലമായ രാഷ്ട്രീയ ജീവിതം തന്നെയായിരുന്നു വിഎസിന്റേത്. ഇവയെല്ലാം അദ്ദേഹം നേരിട്ട രീതിയിലാണ് ഈ ജനകീയത പൂര്ണമാകുന്നത്. സമരം തന്നെ ജീവിതമെന്ന് ജീവിച്ച് കാണിച്ച് തന്ന വിഎസ്. ആരെയും കൂസാത്ത ബാല്യ കൗമാരങ്ങള് തന്നെയാണ് വിഎസ് എന്ന തീപ്പൊരി നേതാവിന്റെ വളര്ച്ചയുടെ അടിവേരെന്ന് നമുക്കറിയാം. വിഎസിന്റെ ശരീര ഭാഷയില് എപ്പോഴും ആ ധീരത കാണാം.
തല കുനിക്കാത്തതാണെന്റെ യൗവ്വനം എന്ന് അദ്ദേഹം ഉറക്കെപ്പറയുമ്പോള് കാണുന്നവര്ക്കും ആ ചെറുപ്പം അനുഭവമാകുന്നു. വാര്ധക്യത്തിന്റെ ആലസ്യത്തിലേക്ക് അദ്ദേഹം ഒതുങ്ങിയ ഈ നാളുകളില് മലയാളികള്ക്ക് ഏറെ നഷ്ടമാകുന്നത് ആ ശരീരഭാഷയും സംസാരശൈലിയുമെല്ലാമാണ്. തലക്കെട്ടുകളാകുന്ന ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും ആ വാക്കുകളുടെ മൂര്ച്ച നമ്മള് തേടും. ജനപ്രതിനിധി, ഭരണതന്ത്രജ്ഞന് എന്നതിലെല്ലാമുപരിയായി ഒരു ജനകീയത വിഎസില് നിറഞ്ഞ് നിന്നിരുന്നു.
വിഎസിന്റെ നീട്ടിയും കുറുക്കിയുമുള്ള ആ സംസാരരീതി കുട്ടികളെപ്പോലും ഹരം കൊള്ളിച്ചു. എങ്ങനെ ജനങ്ങളിലേക്ക് ഒരു നേതാവിന് ഇറങ്ങിച്ചെല്ലാമെന്നതിന് വിഎസില് കവിഞ്ഞ് ഇന്ന് ഒരു നേതാവില്ല എന്ന് തന്നെ പറയാം. വിമര്ശനങ്ങള്ക്കെല്ലാം ചുട്ടമറുപടി, ജനകീയ വിഷയങ്ങളിലെ ഇടപെടലുകള്, രാഷ്ട്രീയ പ്രസംഗങ്ങള്, എതിരാളികള്ക്ക് നേരെയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള അമ്പുകള്. ഇതെല്ലാമായിരുന്നു വിഎസിലെ ചടുലത.
ഹാഫ് കൈ ബനിയനും ലുങ്കിയുമുടുത്തുള്ള വി എസിന്റെ പ്രഭാത നടത്തം പലപ്പോഴും നമ്മള് ടിവിയിലൂടെ കണ്ടിട്ടുണ്ടാകും. രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം അദ്ദേഹത്തിലെ മനുഷ്യനെ മലയാളികള് നെഞ്ചേറ്റിയതിന് എത്രയെത്ര കാരണങ്ങള്. വളരെ വ്യക്തവും കൃത്യവുമായി പറഞ്ഞാല്... വിഎസ് ഒരു പാര്ട്ടിയുടെയോ വിഭാഗത്തിന്റെയോ നേതാവല്ല. മലയാളികളുടെ സ്വന്തം സഖാവ് ഈ നൂറ്റാണ്ടിന്റെ നേതാവാകുന്നു.
സമരസപ്പെടാത്ത സമരഗാഥ, ജനകീയ സമരങ്ങളുടെ വിഎസ്കണ്ണേ കരളേ...സമരജീവിതം നൂറ്റാണ്ടിന്റെ നിറവില്: വിഎസ് @100