സമരസപ്പെടാത്ത സമരഗാഥ, ജനകീയ സമരങ്ങളുടെ വിഎസ്

സമരങ്ങള്ക്ക് പാര്ട്ടിയുടെ പക്ഷമെന്നൊന്ന് വിഎസ്സിനുണ്ടായിരുന്നില്ല. അവിടെ നേരിന്റെ പക്ഷം മാത്രമാണ് വിഎസ് പക്ഷം.

dot image

വിഎസ് എന്ന രണ്ടക്ഷരത്തിനുള്ളില് നിറഞ്ഞൊഴുകുന്നത് ഒരു കാലഘട്ടത്തിന്റെ തന്നെ ചരിത്രമാണ്. അതില് പുന്നപ്ര മുതല് സോളാര് വരെയുള്ള സമരങ്ങളുണ്ട്. വെട്ടിനിരത്തലെന്ന് എതിര്കക്ഷികള് പരിഹസിക്കുന്ന നെല്വയല് സംരക്ഷണവും പാര്ട്ടിക്കുള്ളിലെ പാര്ട്ടിയോടുള്ള പോരാട്ടവുമുണ്ട്. സമരം തന്നെ ജീവിതം എന്ന ആത്മകഥയെ അന്വര്ത്ഥമാക്കുന്നതാണ് വിഎസ് അച്യുതാനന്ദന് എന്ന മലയാളികളുടെ വിഎസ്സിന്റെ ജീവിതം. സമരസപ്പെടാതെ ജീവിച്ച സമരഗാഥയ്ക്ക്, പുന്നപ്ര വയലാര് സമരനായകന് പ്രായം 100 തികയുന്നതിനൊപ്പം സമ്പന്നമാകുന്നത് കേരള സമര ചരിത്രം കൂടിയാണ്.

'തല നരയ്ക്കുന്നതല്ല എന്റെ വൃദ്ധത്വം' എന്ന് നിറഞ്ഞ സദസിന് മുമ്പില് തന്റേതായ ശൈലിയില് വിഎസ് പറഞ്ഞുവെക്കുമ്പോള് കരഘോഷങ്ങളുയരുന്നത് ആ നേതാവ് ജനമനസ്സില് എന്തുമാത്രം യുവത്വത്തോടെയാണ് നില കൊള്ളുന്നത് എന്നതിന് തെളിവാണ്. വിഎസ്സിനെ അനുകരിക്കുന്ന മിമിക്രിക്കാരുടെ സ്ഥിരം ഡയലോഗായിരുന്നു പാര്ട്ടി ജയിക്കുമ്പോള് ഞാന് തോല്ക്കും ഞാന് ജയിക്കുമ്പോള് പാര്ട്ടി തോല്ക്കുമെന്നത്. എന്നാല് എന്നും ജനങ്ങളുടെ മനസ്സില് വിജയം വിഎസ്സിന്റേതായിരുന്നു, വിഎസിന്റെ പോരാട്ട വീര്യത്തിന്റേയും.

സമരങ്ങള്ക്ക് പാര്ട്ടിയുടെ പക്ഷമെന്നൊന്ന് വിഎസ്സിനുണ്ടായിരുന്നില്ല. അവിടെ നേരിന്റെ പക്ഷം മാത്രമാണ് വിഎസ് പക്ഷം. പാര്ട്ടി സമരങ്ങള്ക്കപ്പുറം മറ്റ് സമരവേദികളിലും ഐക്യദാര്ഢ്യവുമായി ആ നേതാവെത്തും. ചുരുട്ടി പിടിച്ച മുഷ്ടി വാനിലേക്കുയര്ത്തി അദ്ദേഹം ആ സമരങ്ങള്ക്ക് മുന്നിരക്കാരനാകും. അതായിരുന്നു പ്രായം തളര്ത്തുന്നതുവരെ വിഎസ്. അഴിമതി, ഭൂമി കയ്യേറ്റം, പരിസ്ഥിതി പ്രശ്നങ്ങള്, സ്ത്രീ സംരക്ഷണം, വിദ്യാഭ്യാസ പ്രതിസന്ധി എന്തുതന്നെയാകട്ടെ വിഎസ് ഇല്ലാത്ത പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടായിരുന്നില്ല.

കുട്ടനാട്ടില് നെല്വയല് നികത്തി അനധികൃത കെട്ടിടങ്ങളുയര്ന്നപ്പോഴാണ് നെല്വയല് സംരക്ഷണത്തിനായി വിഎസ് ഇറങ്ങിയത്. അന്ന് അതിനെ വെട്ടി നിരത്തല് സമരമെന്ന് പരിഹസിച്ചെങ്കിലും കേരളത്തിലെ തണ്ണീര്ത്തട നെല്വയല് സംരക്ഷണത്തില് വിഎസിന്റെ പങ്ക് വലുതാണ്. മതികെട്ടാനിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന് വിഎസ് കുന്നും മലയും കയറി. ഇടുക്കിയില് അനധികൃതമായി നിര്മ്മിച്ച റിസോര്ട്ടുകള് പൊളിച്ചുനീക്കാന് വിഎസ് എന്ന മുഖ്യമന്ത്രി മുമ്പില് നിന്നു. ശുദ്ധജലം കിട്ടാക്കനിയായ പ്ലാച്ചിമടയില് കോളാ കമ്പനിക്കെതിരെ നാട്ടുകാര് തുടങ്ങിയ കുടിവെള്ള സമരത്തില് വിഎസ് ജനങ്ങള്ക്കൊപ്പം നിന്നു.

മൂന്നാര് തേയിലത്തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ 2015 ല് നടത്തിയ അനിശ്ചിതകാല സമരത്തിലും വിഎസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ബോണസും ശമ്പള വര്ദ്ധനയുമടക്കം ആവശ്യപ്പെട്ടാണ് ഉമ്മന് ചാണ്ടി ഭരണകാലത്ത് കെഡിഎച്ച്പി കമ്പനിയിലെ സ്ത്രീ തൊഴിലാളികള് സമരം ചെയ്തത്. എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും തൊഴിലാളി സംഘടനകളെ മാറ്റി നിര്ത്തിയായിരുന്നു സ്ത്രീകളുടെ ഈ സമരം. പാര്ട്ടികള്ക്കൊന്നും പ്രവേശനമില്ലാത്ത ആ വേദിയിലും വിഎസിന് സ്ഥാനമുണ്ടായിരുന്നു, അവര്ക്ക് അദ്ദേഹത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.

ഐസ്ക്രീം പാര്ലര്, കിളിരൂര് പീഡനക്കേസുകളില് ഇരകള്ക്കൊപ്പം നിന്നു വിഎസ്. ഇടമലയാര് അഴിമതിക്കേസില് പ്രതികള് അഴിക്കുള്ളിലാകുന്നതുവരെ നിയമ പോരാട്ടം നടത്തി വിഎസ്. ആര് ബാലകൃഷ്ണപിള്ളയടക്കം പ്രതിയായ കേസില് 25 വര്ഷത്തോളമാണ് വിഎസ് നിയമപോരാട്ടം നടത്തിയത്. ഒടുവില് ബാലകൃഷ്ണപിള്ളയെ കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിക്കും വരെ പോരാട്ടം തുടര്ന്നു. എന്റോസള്ഫാന് ഇരകള്ക്ക് നീതി തേടി നടന്ന സമരങ്ങള്ക്കും വിഎസിന്റെ പിന്തുണയുണ്ടായിരുന്നു. വിഎസിന്റെ ഭരണകാലത്ത് എന്റോസള്ഫാന് ദുരിത ബാധിതര്ക്ക് സഹായങ്ങള് ലഭിച്ചു. അവരെ അദ്ദേഹം അനുതാപപൂര്വ്വം പരിഗണിച്ചുവെന്ന് സമരക്കാര് തന്നെ പറഞ്ഞിട്ടുണ്ട്.

എറണാകുളത്ത് കെട്ടിടത്തിന് മുകളില് കയറി നഴ്സുമാര് സമരം നടത്തിയപ്പോള് അവരെ താഴെയിറക്കാനും വിഎസിന്റെ ഇടപെടല് വേണ്ടി വന്നു. മുല്ലപ്പെരിയാര് സമരം, മറയൂരിലെ ചന്ദനക്കൊള്ളക്കെതിരെയുള്ള പോരാട്ടം, പൂയംകുട്ടിയിലെ ആദിവാസി ഭൂസമരം, ഇങ്ങനെ വിഎസ് ഇടപെടാത്ത സമരങ്ങളില്ല കേരളത്തില്. അനാരോഗ്യത്തെ തുടര്ന്ന് ഔദ്യോഗിക ജീവിതത്തില് നിന്ന് 2019 അവസാനത്തോടെ വിട്ടുനില്ക്കാന് തീരുമാനിക്കുന്നതുവരെയും തീപാറുന്ന വാക്കുകളും ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി വേദികളില് നിന്ന് വേദികളിലേക്ക് പായുകയായിരുന്നു വിഎസ് എന്ന ജനകീയ നേതാവ്. മുഖ്യമന്ത്രി കസേരയുടെയോ പാര്ട്ടിയുടെയോ ഉറപ്പിലല്ല, ജനങ്ങളുടെ പിന്ബലത്തിലായിരുന്നു വിഎസിന്റെ ഓരോ സമര പോരാട്ടവും.

കണ്ണേ കരളേ...സമരജീവിതം നൂറ്റാണ്ടിന്റെ നിറവില്: വിഎസ് @100
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us