ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെടുകയും സിപിഐഎം ആരോപണവിധേയരായി നിൽക്കുകയും ചെയ്യുന്ന സമയം വിഎസിന്റെ ഒഞ്ചിയം യാത്ര പാർട്ടിക്കുണ്ടാക്കിയത് വലിയ നഷ്ടമാണ്. 2011 ലെ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം തോറ്റു. പിന്നീടങ്ങോട്ട് പ്രത്യക്ഷത്തിലും പാർട്ടിക്കകത്ത് മറുചേരിയിലായിരുന്നു വിഎസ്.
വിഭാഗീയ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് വിഎസിനൊപ്പമായിരുന്നു ടിപി. പിന്നീട് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ടി പി ചന്ദ്രശേഖരൻ ആർഎംപി രൂപീകരിച്ചു. വിഎസുമായി ദൈനംദിന ബന്ധം പുലർത്തിയിരുന്നില്ല ടി പി ചന്ദ്രശേഖരനെന്ന് ഓർമ്മിക്കുകയാണ് വിഎസിന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന് ആരായാൻ ടിപി തിരുവനന്തപുരത്ത് വന്നിരുന്നു. പല നേതാക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം കണ്ടു. തന്നോടും അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. എന്നാൽ വിഎസിനെ പോയി കണ്ടില്ല. ഈ പ്രായത്തിലും വിഎസ് മത്സരിക്കാൻ തയ്യാറാകുന്നുണ്ടെങ്കിൽ പാർട്ടിയിൽ അദ്ദേഹത്തിന് പ്രതീക്ഷയുണ്ടെന്നല്ലേ അർത്ഥമെന്നും അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ ആർഎംപി മത്സരിക്കണോ എന്നായിരുന്നു ടിപിയുടെ ചോദ്യം. എന്നാൽ മത്സരിക്കണെമെന്ന തന്റെ അഭിപ്രായം ടിപിയെ അറിയിക്കുകയും ചെയ്തുവെന്ന് ജോസഫ് സി മാത്യു പറഞ്ഞു.
ടിപി പാർടിയോടും വിഎസിനോടുമുള്ള ബന്ധത്തെ എങ്ങനെ കണ്ടിരുന്നു എന്നത് ഇതിലുണ്ട്. ഒഞ്ചിയത്തെ പാർട്ടി പ്രശ്നം രൂക്ഷമാകാൻ വിടരുതെന്ന് പലതവണ വി എസ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ടി പി കൊല്ലപ്പെടുന്നതിലേക്കെത്തിയപ്പോൾ പ്രതികരിക്കുക എന്നത് വിഎസിന്റെ കടമയാണ്. അന്ന് വിഎസ് ടിപിയുടെ വീട്ടിലെത്തി, അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമയെ ആശ്വസിപ്പിച്ചു. അതിന് ഒരുപാട് അർത്ഥങ്ങളുണ്ട്. കൊല്ലപ്പെട്ട ടിപിയെ പാർട്ടി സെക്രട്ടറി കുലം കുത്തി എന്ന് വിളിച്ചത് ശരിയായ രീതിയല്ല. അത് മനുഷ്യത്വത്തിന്റെ വിഷയമാണ്. അവിടെ വിഎസ് സ്വന്തം രാഷ്ട്രീയത്തോട് പ്രതികരിക്കുകയായിരുന്നു. ജനങ്ങൾ അത് മനസ്സിലാക്കിയെന്നാണ് താൻ കരുതുന്നത്. അതിനപ്പുറം അതിനെ വായിച്ചെടുക്കുന്നതിൽ അർത്ഥമില്ലെന്നും ജോസഫ് സി മാത്യു പറഞ്ഞു.