സിപിഐഎമ്മിലെ ഉൾപ്പാർട്ടി സമരങ്ങളുടെ നെടുനായക സ്ഥാനത്തായിരുന്നു എന്നും വി എസ്. മൂന്നാർ ദൗത്യം, ആലപ്പുഴ സമ്മേളനത്തിലെ ഇറങ്ങിപ്പോക്ക്, ടി പി ചന്ദ്രശേഖരൻ്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. പ്രതാപ കാലത്ത് വി എസിൻ്റെയും പാർട്ടിയുടെയും സഞ്ചാരം പലപ്പോഴും സമാന്തര രേഖയിലായിരുന്നു. 2011ൽ തുടർ ഭരണം നഷ്ടമായത് പോലും അതിന് നൽകേണ്ടി വന്ന വിലയാണ്. 1964 ലെ സിപിഐ ദേശീയ കൗൺസിലിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് അനുസ്മരിപ്പിച്ച 2015 ആലപ്പുഴ സമ്മേളനത്തിലെ ഇറങ്ങിവരവ് വരെ, വി എസിൻ്റെ രാഷ്ട്രീയ ജീവിത രേഖ ഉൾപ്പാർട്ടി സമരങ്ങളുടെ ചരിത്രം കൂടിയാണ്.
മുഖ്യമന്ത്രിയാകാനുറച്ച വി എസിനെ 1996ൽ മാരാരിക്കുളത്ത് പാർട്ടി തന്നെ തോൽപ്പിച്ച ചരിത്രമുണ്ട്. എന്നാൽ എഡിബി വായ്പ, നാലാം ലോക സിദ്ധാന്തം, ഐസ്ക്രീം പാർലർ കേസിലെ പാർട്ടിയുടെ നിസംഗത തുടങ്ങി പല കാരണങ്ങൾ കൊണ്ടും 2002ലെ കണ്ണൂർ സംസ്ഥാന സമ്മേളനത്തിലാണ് വി എസ് -പാർട്ടി ബന്ധം ഉലയുന്നത്. 2005 മലപ്പുറം സമ്മേളനത്തിൽ വി എസ് പക്ഷത്തെ ഔദ്യോഗിക വിഭാഗം വെട്ടി നിരത്തിയതോടെ ഏറ്റുമുട്ടൽ പാരമ്യത്തിലായി. വി എസ് പാർട്ടി വിടുമോയെന്ന് പോലും തോന്നിപ്പിച്ച നാളുകൾ. 2006ൽ പാർട്ടി മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചപ്പോൾ അണികൾ തെരുവിൽ ഇറങ്ങി പാർട്ടിയെ തിരുത്തി. അങ്ങനെ വി എസ് മുഖ്യമന്ത്രിയായെങ്കിലും പാര്ട്ടിയും സര്ക്കാരും ഇരു ധ്രുവങ്ങളിലായിരുന്നു. ആഭ്യന്തര വകുപ്പ് പാർട്ടി സെക്രട്ടറി പിണറായി വിജയൻ്റെ വിശ്വസ്തൻ കോടിയേരിക്ക് നൽകി. വി എസിൻ്റെ മൂന്നാർ ദൗത്യം പാർട്ടി തന്നെ പൊളിച്ചു. പാർട്ടിയുമായുള്ള ഏറ്റുമുട്ടൽ വി എസിന് അർഹിച്ച തുടർ ഭരണം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാക്കി.
നിയന്ത്രണം തെറ്റി വലത്തോട്ട് പോകുന്ന വണ്ടിയെ ഇടതോരം ചേർക്കാൻ ശ്രമിച്ച ഡ്രൈവറുടെ റോൾ ആയിരുന്നു പലപ്പോഴും വി എസിന്. പാർട്ടി കുലം കുത്തിയാക്കിയ ടി പി കൊല്ലപ്പെട്ടപ്പോൾ പാർട്ടി ശാസനകൾ ഭയക്കാതെ വി എസ് ആശ്വാസം പകരാൻ എത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ കാർക്കശ്യമായ അച്ചടക്ക വാൾ വി എസിന് നേരെ ഉയരാൻ മടിച്ചു. പി ബിയില് നിന്ന് ഒഴിവാക്കിയെങ്കിലും പിണറായി വിജയനും അതേ നടപടി നേരിടേണ്ടി വന്നിരുന്നു. വി എസിനെ മാത്രം ബലിയാടാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞായിരുന്നു അത്. എല്ലാത്തിനും കാരണം ഒന്നേ ഉണ്ടായിരുന്നുള്ളൂ. പാർട്ടിക്കും മുകളിൽ വളർന്ന വി എസിൻ്റെ ജനകീയത.
പാർട്ടിയിൽ വി എസ് യുഗം അവസാനിച്ചത് വിഭാഗീയതയുടെ അന്ത്യമെന്നാണ് ഔദ്യോഗികപക്ഷത്തിൻ്റെ എന്നുമുള്ള വ്യാഖ്യാനം. എന്നാൽ അത് പിന്നീട് ഇതുവരെ കാണാൻ സാധിക്കാത്ത പാർട്ടിയിലെ ഒരു തിരുത്തൽ ശക്തിയുടെ അസ്തമയമായിരുന്നുവെന്ന് പുതിയ കാലം ഓർമിപ്പിക്കുന്നു.
ഇടതുപക്ഷ ബദലുകളെ ആവേശം കൊള്ളിച്ച വിഎസ് കാലംബാലകൃഷ്ണപിള്ള, കരുണാകരൻ, കുഞ്ഞാലിക്കുട്ടി; വിഎസ് കോടതി കയറ്റിയ നേതാക്കൾ