നെന്മാറ: വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാള് ആഘോഷത്തിനിടെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്ശനവുമായി അദ്ദേഹത്തിന്റെ പേഴ്സണല് അസിസ്റ്റന്റായിരുന്ന എ സുരേഷ്. വിമര്ശകരെ ഒതുക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ രാഷ്ട്രീയം നടപ്പാക്കാം എന്ന് വിവരദോഷികളായ ഏതെങ്കിലും നേതാക്കള് കരുതിയിട്ടുണ്ടെങ്കില് അവര് വിഡ്ഡികളുടെ സ്വര്ഗ്ഗത്തിലാണ്. കൊലപാതക കേസുകളില് ഉള്പ്പെട്ട് സിപിഐഎമ്മിനെതിരെ നിന്ന ഒ കെ വാസുവിനെയും അശോകനെയും ഉള്ക്കൊണ്ട പാര്ട്ടി വിഎസ്സിന് ഒപ്പം നിന്നതിന് തന്നെ ക്രൂശിക്കുന്നുവെന്നും പാലക്കാട് നെന്മാറയില് നടന്ന നൂറിന്റെ നിറവില് വിഎസ് എന്ന പരിപാടിക്കിടെ സുരേഷ് പറഞ്ഞു.
വിഎസ്സിന്റെ അരികില് നിന്ന് പറിച്ചുമാറ്റിയപ്പോളും, പാര്ട്ടി വിരുദ്ധനാക്കി പുറത്താക്കിയപ്പോളും പാര്ട്ടിക്കെതിരെ ഒരക്ഷരം പ്രതികരിക്കാതിരുന്ന എ സുരേഷ്, ആദ്യമായാണ് പാര്ട്ടിക്കകത്തെ ചില നേതാക്കള്ക്കെതിരെ വിമര്ശനം ഉന്നയിക്കുന്നത്. മുണ്ടൂരില് നടത്തിയ വി എസിന്റെ പിറന്നാള് ആഘോഷത്തില് നിന്ന് മാറ്റിനിര്ത്തപ്പെട്ട സുരേഷ് നെന്മാറയില് ഇടം സാംസ്കാരിക വേദി സംഘടിപ്പിച്ച നൂറിന്റെ നിറവില് വിഎസ് എന്ന പരിപാടിക്കിടെയാണ് വിമര്ശനങ്ങള് ഉയര്ത്തിയത്.
കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നിലപാടിന് പകരം വിലക്കിന്റെ രാഷ്ട്രീയമാണ് ചില സിപിഐഎം നേതാക്കള് പയറ്റുന്നത്. പാര്ട്ടി പ്രവര്ത്തനം ഒരു ജോലിയായി മാറിയ കാലത്ത് വിമര്ശിക്കാന് എല്ലാവര്ക്കും ഭയമാണ്. അതിന്റെ ഫലമാണ് കരുവന്നൂരില് സംഭവിച്ചതെന്നും സുരേഷ് പറഞ്ഞു.
പാര്ട്ടിയെ തകര്ക്കുന്ന പുഴുക്കുത്തുകളെ തിരുത്താന് പാര്ട്ടിക്ക് കഴിഞ്ഞില്ലെങ്കില് ബംഗാളിലേക്കും ത്രിപുരയിലേക്കും അധികം ദൂരമില്ലെന്നും സുരേഷ് കൂട്ടിച്ചേര്ത്തു.