തിരുവനന്തപുരം: 24 മണിക്കൂർ പോസ്റ്റ്മോർട്ടം സൗകര്യമൊരുക്കാൻ ഹൈക്കോടതി നിർദേശിച്ച മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് വിഭാഗം തലവന്മാരെ ഒഴിവാക്കി യോഗം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിളിച്ച യോഗത്തിൽ തിരുവനന്തപുരത്തെ ഫോറൻസിക് തലവൻ മാത്രമാണുള്ളത്. അതേസമയം മോർച്ചറികളിൽ അടിസ്ഥാന സൗകര്യമൊരുക്കാതെയും തസ്തിക സൃഷ്ടിക്കാതെയും നിലവിലെ സാഹചര്യത്തിൽ ഒരു ഇഞ്ച് പോലും മാറ്റം വരുത്താൻ ആകില്ലെന്നാണ് ഈ വിദഗ്ധർ പറയുന്നത്.
ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് 24 മണിക്കൂർ പോസ്റ്റ്മോർട്ടം നടത്താനുള്ള സൗകര്യമൊരുക്കേണ്ടത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലും കാസർഗോഡ് ജില്ലാ ആശുപത്രിയിലും ആണ്. കഴിഞ്ഞദിവസം കൂടിയ യോഗത്തിന്റെ തീരുമാനത്തിൽ തിരുത്തുവരുത്തിയ ശേഷം രാത്രികാല പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യങ്ങൾക്ക് എന്തൊക്കെ വേണമെന്ന് നിർദ്ദേശിക്കാൻ ആരോഗ്യ സെക്രട്ടറി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഡി എം ഇ യോഗം വിളിച്ചു. പക്ഷേ യോഗത്തിലേക്ക് ആലപ്പുഴ, തൃശ്ശൂർ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഫോറൻസിക് മേധാവിമാർക്ക് ക്ഷണം ഇല്ല. തിരുവനന്തപുരത്തെ മേധാവിയെ വിളിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെടാത്ത കൊല്ലം മെഡിക്കൽ കോളേജിലെ മേധാവിയെ യോഗത്തിലേക്ക് വിളിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നാണ് ഫോറൻസിക് സർജൻമാരുടെ നിലപാട്. ഇവർ ഡിഎംഇ വിളിച്ച യോഗത്തിലും ഇതേ നിലപാട് തുടർന്നാൽ തീരുമാനമെടുക്കാൻ ഡയറക്ടർക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത് ഒഴിവാക്കാനാണ് അവരെ പൂർണമായും ഒഴിവാക്കി യോഗം വിളിച്ചത്. അഞ്ച് മെഡിക്കൽ കോളേജുകളിലും മുഴുവൻസമയവും പോസ്റ്റ്മോർട്ടം നടത്തണമെങ്കിൽ ഓരോ ഇടത്തും ഡോക്ടർമാർ, ലാബ് ടെക്നീഷ്യൻ ശുചീകരണ തൊഴിലാളി എന്നിവർ അടക്കം ആറ് പേരെ വീതം നിയമിക്കണം എന്നാണ് ആശുപത്രികളിൽ നിന്നും നൽകിയിരിക്കുന്ന റിപ്പോർട്ട്.