ഇടുക്കി: യൂത്ത് കോണ്ഗ്രസ് വാ പോയ കോടാലിയെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്ഗീസ്. കേരള രാഷ്ട്രീയത്തില് യൂത്ത് കോണ്ഗ്രസിന് പ്രസക്തിയില്ല. യൂത്ത് കോണ്ഗ്രസിനെ കാണാന് പുരാവസ്തു ഗവേഷണ കേന്ദ്രത്തില് അന്വേഷിക്കണമെന്നും സി വി വര്ഗീസ് വിമര്ശിച്ചു. സി വി വര്ഗീസിന് ചിത്തഭ്രമമാണെന്ന യൂത്ത് കോണ്ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അരുണ്കുമാറിന്റെ വിമര്ശനത്തിലാണ് മറുപടി.
യൂത്ത് കോണ്ഗ്രസ് എവിടെയാണുള്ളതെന്ന് പിടി കിട്ടിയിട്ടില്ല. അവരുടെ സംസ്കാരത്തിന് അനുസരിച്ചാണ് അവര് പറയുന്നതെന്നും സി വി വര്ഗീസ് വിമര്ശിച്ചു.
ഡീന് കുര്യാക്കോസ് എംപിക്കെതിരെ സിവി വര്ഗീസ് നടത്തിയ പരാമര്ശമാണ് വാക്ക്പോരിന്റെ തുടക്കം. ബാഹുബലി സിനിമയിലെ പോലെ പന വളച്ചുകെട്ടി ഹീറോ ആകാന് പറ്റാത്ത സാഹചര്യത്തില് ചെറുതോണിയുടെ പാലം വളച്ചുകെട്ടി ഡീന് കുര്യാക്കോസ് നിര്വൃതി കൊള്ളുകയാണെന്നായിരുന്നു സി വി വര്ഗീസിന്റെ പരിഹാസം. ജോയ്സ് ജോര്ജ് കൊണ്ടുവന്ന പാലത്തിന്റെ അലൈന്മെന്റ് മാറ്റുന്ന നിലപാടാണ് ഡീന് കുര്യാക്കോസ് സ്വീകരിച്ചത്. എട്ടുകാലി മമ്മൂഞ്ഞിന്റെ നിലപാടാണ് അദ്ദേഹത്തിന്. അടുത്ത തിരഞ്ഞെടുപ്പില് പി ജെ ജോസഫിന്റെ തൊടുപുഴയും ഡീന് കുര്യാക്കോസിന്റെ ഇടുക്കി ലോക്സഭാ മണ്ഡലവും എല്ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സി വി വര്ഗീസ് പറഞ്ഞിരുന്നു.
പിന്നാലെയാണ് സി വി വര്ഗീസിനെതിരെ യൂത്ത് കോണ്ഗ്രസ് രംഗത്തെത്തുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്ഗീസ് മനുഷ്യ സ്നേഹിയും, ഉദാരമതിയുമായ ആദരണീയ വ്യക്തിത്വമാണ്. നിര്ഭാഗ്യവശാല് വര്ഗീസിന് ചിത്തഭ്രമത്തിന്റെ മൂര്ദ്ധന്യാവസ്ഥ ബാധിച്ചിരിക്കുകയാണ്. വര്ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്ഡ് അമ്പാസിഡര് ആയി നിയമിക്കണം. കഴിയുന്നില്ല എങ്കില് 110 കെ വി ലൈനില് നിന്ന് നേരിട്ട് ഷോക്ക് ട്രീറ്റ്മെന്റ് നല്കി സുഖപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോണ്ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അരുണിന്റെ വിമര്ശനം.