തിരുവനന്തപുരം: മാരായമുട്ടം ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിന് വെള്ളപൂശാൻ പുതിയ ഭരണസമിതി ശ്രമിച്ചതായി കണ്ടെത്തൽ. ജീവനക്കാരെ രക്ഷിക്കാൻ രേഖകളിൽ കൃത്രിമത്വം കാണിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
ജീവനക്കാരുടെ പേരിലുള്ള വായ്പ കുടിശ്ശിക തീർക്കാനാണ് ചട്ടലംഘനം. വായ്പ തട്ടിപ്പ് കേസ് നിലനിൽക്കുമ്പോഴാണ് ഭരണസമിതി അട്ടിമറി നീക്കം നടത്തിയിരിക്കുന്നത്. വായ്പ തട്ടിപ്പ് കേസിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പ്രതികളാണ്. ജീവനക്കാർക്ക് വായ്പ നൽകുന്നത് ചട്ടലംഘനമാണ്. കാർഷിക വായ്പ ഉൾപ്പെടെ തട്ടിയെടുത്തതിനാണ് കേസ് എടുത്തിരിക്കുന്നത്.
ഒരേ വസ്തുവിന്റെ പേരിൽ നിരവധി വായ്പകൾ എടുത്തതും നിയമലംഘനമാണ്. ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് സഹകരണ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. മുൻ പ്രസിഡണ്ട് എം എസ് അനിലിന്റെ മകളാണ് ഇപ്പോഴത്തെ പ്രസിഡൻറ് പാർവ്വതി. അനിലിന്റെ ഭാര്യയുടെ ഒരേ വസ്തുവിൽ 16 വായ്പകളാണ് എടുത്തിട്ടുള്ളത്. അനിലിന്റെ ഭാര്യ ഷൈലജ കുമാരി 1.55 കോടി രൂപയാണ് വായ്പയെടുത്തു കുടിശ്ശിക വരുത്തിയത്. അനിലിന്റെ മകനും അനധികൃതമായി വായ്പ എടുത്തു.
പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിൻറെ പ്രസിഡന്റായ അജയകുമാറിന്റെ ഭാര്യയാണ് മാരായമുട്ടം ബാങ്ക് സെക്രട്ടറി ശ്രീജ. പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിൽ നടന്ന കോടികളുടെ തട്ടിപ്പിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാരായമുട്ടം ബാങ്കിൽ ഒരേ വസ്തു ഈടായി നൽകി 13 വായ്പകളാണ് ശ്രീജ എടുത്തിട്ടുള്ളത്. ഭർത്താവ് അജയകുമാറിന്റെ വസ്തു ഈടായി നൽകിയും തട്ടിപ്പ് നടത്തി. അജയകുമാറിന്റെ വസ്തുവിൽ 11 വായ്പകളാണ് മാരായമുട്ടം ബാങ്കിൽ നിന്ന് എടുത്തിട്ടുള്ളത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
മാരായമുട്ടം സഹകരണ ബാങ്കില് വായ്പകളുടെ മറവില് ഭരണസമിതിയും ജീവനക്കാരും അപഹരിച്ചത് കോടികളെന്ന റിപ്പോര്ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മതിയായ രേഖകള് ഹാജരാക്കാതെ 12.19 കോടി രൂപ ബാങ്കില് നിന്നും വായ്പയെടുത്തതായി കണ്ടെത്തി. ബാങ്ക് മുന് പ്രസിഡന്റ് എം എസ് അനിലും കുടുംബവും മാത്രം 2.36 കോടി രൂപ വായ്പ കുടിശിക വരുത്തിയെന്നും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്ട്ടിൽ പറയുന്നു. ബാങ്കിന്റെ വ്യക്തിഗത വായ്പ പരിധിയും ലംഘിച്ച് എം എസ് അനില് 27.41 ലക്ഷം രൂപ കൈപ്പറ്റിയിയിട്ടുണ്ട്.