കൊച്ചി: ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും പ്രതികരണങ്ങൾക്ക് പിന്നാലെ ജെഡിഎസ് കേരള ഘടകം നേതൃയോഗം വിളിച്ചു. ഈ മാസം 27ന് കൊച്ചിയിലാണ് യോഗം. സംസ്ഥാന ഭാരവാഹികൾക്കൊപ്പം ജില്ലാ പ്രസിഡന്റുമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളുമായി ആലോചിച്ച് ദേശീയ കൌൺസിൽ യോഗം വിളിക്കുന്നതിന് കേരള ഘടകം മുൻകൈ എടുക്കും.
എൻഡിഎ സഖ്യത്തിലേക്ക് പോകാനുളള തീരുമാനത്തിന് കേരള ഘടകത്തിന്റെ പിന്തുണയുണ്ടെന്നായിരുന്നു ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ പ്രതികരണം. കേരള ഘടകത്തിനെ ഇടതു മുന്നണിയിൽ നില നിർത്തുന്നത് സിപിഐഎമ്മിന്റെ മഹാമനസ്കത ആണെന്നായിരുന്നു കുമാര സ്വാമിയുടെ പരാമർശം. ഈ പ്രതികരണങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും നേതൃയോഗം വിളിച്ചത്.
ദേശീയ നേതൃത്വത്തിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കാനുളള മുൻ തീരുമാനം കൂടുതൽ വ്യക്തതയോടെ പ്രഖ്യാപിക്കുകയാണ് യോഗം വിളിച്ചതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ദേവഗൗഡയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടിയുടെ ദേശീയ കൗൺസിൽ വിളിക്കുന്നതും ആലോചിക്കും.
ഗൗഡ വിരുദ്ധ സമീപനമുളള സംസ്ഥാനഘടകങ്ങളുളള ബിഹാറിലോ തമിഴ്നാട്ടിലോ മഹാരാഷ്ട്രയിലോ വെച്ച് ദേശീയ കൌൺസിൽ വിളിക്കുന്നതാണ് പരിഗണിക്കുന്നത്. യഥാർത്ഥ ജനതാദൾ എസ് തങ്ങളാണെന്ന് പ്രഖ്യാപിക്കുകയാണ് ഉദ്ദേശ്യം.