'തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു'; ഡോക്ടർ രോഗി അനുപാതം നിശ്ചയിക്കണമെന്ന് കെജിഎംഒഎ

കേരളത്തില് മൊത്തത്തില് 80,000 ഡോക്ടര്മാര് ജോലി ചെയ്യുന്നു എന്നാണ് കണക്കെങ്കിലും ആരോഗ്യ വകുപ്പില് കേവലം 6,165 ഡോക്ടര്മാരുടെ തസ്തികകളാണ് ഉള്ളത്

dot image

തിരുവനന്തപുരം: കോട്ടയം വെള്ളൂര് പ്രാഥമികാരോഗ്യ കേന്ദ്രത്തില് ഡോക്ടര് കുഴഞ്ഞുവീണ സംഭവത്തില് രൂക്ഷ വിമര്ശനവുമായി കെജിഎംഒഎ. സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ തുടര്ച്ചയായി രോഗികള്ക്ക് ചികിത്സ നല്കേണ്ടി വന്നതോടെയാണ് ഡോക്ടര് കുഴഞ്ഞുവീണതെന്നും ദൗര്ഭാഗ്യകരമായ ഇത്തരം സംഭവങ്ങള് കേരളത്തില് ആദ്യത്തേത് അല്ലെന്നും കെജിഎംഒഎ വിമര്ശിച്ചു. പരിമിതമായ മാനവ വിഭവശേഷിയിലും വണ്ടിക്കാളകളെപ്പോലെ ജോലിയെടുക്കേണ്ടി വരുന്ന ആരോഗ്യ പ്രവര്ത്തകര്ക്ക് ഉണ്ടാകുന്ന അമിത സമ്മര്ദ്ദം വഴിതെളിക്കുന്ന ഇത്തരം സംഭവങ്ങള് യഥാര്ത്ഥത്തില് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സംഘടന ചൂണ്ടികാട്ടി.

ലോകാരോഗ്യ സംഘടന നിഷ്കര്ഷിക്കുന്ന ഡോക്ടര് - രോഗീ അനുപാതം 1: 1000 എന്നതാണ്. കേരളത്തില് മൊത്തത്തില് 80,000 ഡോക്ടര്മാര് ജോലി ചെയ്യുന്നു എന്നാണ് കണക്കെങ്കിലും ആരോഗ്യ വകുപ്പില് കേവലം 6,165 ഡോക്ടര്മാരുടെ തസ്തികകളാണ് ഉള്ളത്. ഇക്കഴിഞ്ഞ വര്ഷങ്ങളില് സര്ക്കാര് മേഖലയില് ചികിത്സ തേടുന്നവരുടെ എണ്ണത്തില് വന് വര്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഏതാണ്ട് അമ്പത് ശതമാനത്തോളം ആളുകള് സര്ക്കാര് മേഖലയെ ചികിത്സക്കായി ആശ്രയിക്കുന്നുവെന്നിരിക്കേ 1: 1000 എന്ന ഡോക്ടര് രോഗീ അനുപാതം ഉറപ്പാക്കാന് 17,665 ഡോക്ടര്മാരുടെ സേവനം കൂടെ ആവശ്യമായി വരും എന്നത് മനുഷ്യവിഭവശേഷിയിലെ പോരായ്മയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും സംഘടന പുറത്തിറക്കിയ കുറിപ്പില് പറയുന്നു.

ഗുണമേന്മയാര്ന്ന സേവനം നല്കുന്നതിനായി NQAS , കായകല്പ്പ തുടങ്ങി വിവിധ അക്രഡിറ്റേഷന് പദ്ധതികള് സര്ക്കാര് തലത്തില് ഊര്ജിതമായി നടപ്പാക്കുമ്പോഴും പരിമിതമായ മനുഷ്യവിഭവശേഷി പ്രത്യേകിച്ചും ഡോക്ടര്മാരുടെ പോസ്റ്റുകള് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള് ഉണ്ടാകുന്നില്ലെന്നത് തികച്ചും പ്രതിഷേധാര്ഹമാണ്.

തിരക്ക് പിടിച്ച ഒ പി ഡ്യൂട്ടിക്കിടെ രോഗ വിവരം കേള്ക്കാനും പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഒരു രോഗിക്ക് വേണ്ടി ഡോക്ടര്ക്ക് ചിലവഴിക്കാന് സാധിക്കുന്നത് കേവലം ഒന്നോ രണ്ടോ മിനിട്ടുകളാണ്. ഇവിടെ ഡോക്ടറുടെയും രോഗിയുടേയും അവകാശങ്ങള് ഒരു പോലെ ലംഘിക്കപ്പെടുകയാണ്. മികച്ച സേവനം നല്കാന് വെല്ലുവിളിയാകുന്നു എന്നതിലുപരി രോഗികളില് അസംതൃപ്തി ഉണ്ടാക്കുന്നതിനും ആശുപത്രിസംഘര്ഷങ്ങള്ക്കും ഇത് കാരണമാവുകയും ചെയ്യുന്നു.

ഔട്ട് പേഷ്യന്റ് സേവനത്തിലേക്ക് മാത്രം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ബൃഹത്തായ ഉത്തരവാദിത്തങ്ങളെ ചുരുക്കിക്കൊണ്ട് 3 ഡോക്ടര്മാരുടെ മാത്രം സേവനം ലഭ്യമായ സ്ഥാപനങ്ങളില് പോലും വൈകീട്ട് വരെ ഒപി സേവനം നല്കേണ്ടി വരുന്ന അവസ്ഥയും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ദയനീയമാണെന്ന് സംഘടന കുറ്റപ്പെടുത്തി.

കേവലം രോഗീപരിചരണത്തിലുപരിയായി രോഗ പ്രതിരോധ പ്രവര്ത്തനങ്ങളും വിവിധ ദേശീയ പദ്ധതികളുടെ നടത്തിപ്പും സാമൂഹ്യ സുരക്ഷാ പദ്ധതികളിലെ പങ്കാളിത്തവുമെല്ലാം നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളുടെ ചുമതലയില് പെട്ടതാണ് എന്നതു കൂടി ഓര്ക്കേണ്ടതുണ്ട്.

വെള്ളൂര് പിഎച്ച്സിയില് ഉണ്ടായതു പോലെ ദൗര്ഭാഗ്യകരവും ആരോഗ്യ കേരളത്തിന് അപമാനകരവുമായ സംഭവങ്ങള് ഇനിയും ആവര്ത്തിക്കപ്പെടാതിരിക്കാന്, ആരോഗ്യ സ്ഥാപനങ്ങളുടെ വികസനം എന്നത് കേവലം ഭൗതിക സാഹചര്യങ്ങളുടെ വികസനം മാത്രമാവാതെ വര്ധിച്ചു വരുന്ന രോഗീ ബാഹുല്യം കണക്കിലെടുത്ത് മനുഷ്യവിഭവ ശേഷിയിലും കാലാനുസൃതമായ പരിഷ്കരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

രോഗീപരിചരണത്തിന് പുറമേ, സ്ഥാപനത്തിന്റെ ഭരണപരമായ ചുമതലകള്, വിവിധ പദ്ധതികളും ആയി ബന്ധപ്പെട്ട അവലോകന യോഗങ്ങള്, പരിശീലന പരിപാടികള് , വിഐപി ഡ്യൂട്ടികള്, മെഡിക്കല് ബോര്ഡ്, ഇ- സഞ്ജീവനി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജോലികളാണ് മെഡിക്കല് ഓഫീസര്മാര് ചെയ്യേണ്ടി വരുന്നത്.

വിവിധ കേഡറുകളിലെ ഡോക്ടര്മാരുടെ ജോലിയും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്വ്വചിക്കപ്പെടുകയും വിവിധ സ്പെഷ്യാല്റ്റികളിലേയും ജനറല് കേഡറിലേയും ഡോക്ടര്മാര് പ്രതിദിനം കാണേണ്ടുന്ന രോഗികളുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ശാസ്ത്രീയമായി ഇത് നിര്വ്വചിക്കപ്പെടേണ്ടത് നിലവാരമുള്ള ചികിത്സ ഉറപ്പുവരുത്തുന്നതിനും ഡോക്ടറുടെയും രോഗിയുടെയും മനുഷ്യാവകാശം ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതവുമാണ്. പൊതുജനങ്ങള് അര്ഹിക്കുന്ന രീതിയിലുള്ള ഗുണപരമായ ചികിത്സയും സേവനവും ഉറപ്പാക്കാനും സാധിക്കുന്ന തരത്തില് മനുഷ്യവിഭവശേഷിയിലെ കുറവ് പരിഹരിക്കാന് സര്ക്കാര് അടിയന്തിരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Story Highlights: KGMOA ask govt to determine doctor patient ratio

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us