കൊച്ചി: യാത്രാ നിരക്ക് വർധന നിയന്ത്രിക്കണമെന്ന ഹർജി പരിഗണനയിലിരിക്കവെ വീണ്ടും നിരക്ക് വർധിപ്പിപ്പിച്ച് വിമാന കമ്പനികൾ. ഈ മാസം 30നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് ഹരജി വീണ്ടും പരിഗണിക്കുക. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് അഞ്ചിരട്ടി വരെയാണ് കൂട്ടിയത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് നിരക്ക് വർധന.
ദുബായിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബർ 23ലെ നിരക്ക് 6500 രൂപയാണ്. ഇത് ഡിസംബർ 15 ആകുമ്പോൾ 24,300 ആയി ഉയരും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 6500 രൂപയുള്ളത് 18,500 ആയി ഉയരും. ദുബായിയിൽ നിന്ന് കണ്ണുരിലേക്ക് 7000 രൂപയുള്ളത് 35,200 ആയും അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് 6800 രൂപയുള്ളത് 16,800 രൂപയായുമായാണ് ഉയരുക. കൊച്ചി വിമാനത്താവളത്തിലേക്കും തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമെല്ലാം അഞ്ചിരട്ടിയോളമായി ടിക്കറ്റ് നിരക്ക് ഉയർന്നു.
വിമാനനിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപെട്ടുള്ള വ്യവസായിയായ കെ സൈനുൽ ആബിദീന്റെ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് വീണ്ടും നിരക്ക് വർധനയുണ്ടായത്. സൈനുൽ ആബിദീൻ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സമയം തേടിയതോടെയാണ് ഹർജി 30-ാം തീയതിയിലേക്ക് മാറ്റിയത്.