കോഴിക്കോട്: മലബാറിൽ വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. വിഷയം പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കാൻ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജറിനെ മനുഷ്യാവകാശ കമ്മീഷൻ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാസഞ്ചർ ട്രെയിനും പരശുറാം എക്സ്പ്രസും സ്ഥിരമായി പിടിച്ചിടുന്നത് കണ്ണൂർ മുതൽ ഷൊർണൂർ വരെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ദുരിതമാണ് നൽകുന്നത്. പരശുറാം എക്സ്പ്രസ് സ്ഥിരമായി വൈകിയാണ് ഓടുന്നത്. വൈകീട്ട് 3.50ന് കോഴിക്കോടെത്തുന്ന പരശുറാം ഒരു മണിക്കൂറിലധികം വൈകി അഞ്ച് മണിക്കാണ് കോഴിക്കോട് നിന്ന് പുറപ്പെടുന്നത്.
രാവിലെ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിനായി കണ്ണൂർ - കോഴിക്കോട് പാസഞ്ചറും പിടിച്ചിടുകയാണ്. ഇതോടെ ആളുകൾ കുഴഞ്ഞുവീഴുന്നത് പതിവാണ്. ജനശതാബ്ദിയും ഏറനാട് എക്സ്പ്രസും പിടിച്ചിടുന്നുണ്ട്. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് വൈകിയാണ് കോഴിക്കോടെത്തുന്നത്.
ദീർഘദൂര യാത്രയ്ക്ക് വന്ദേ സ്ലീപ്പര് വരുന്നു; നിരക്ക് കുറഞ്ഞ വന്ദേ മെട്രോയും എത്തും