തിരുവനന്തപുരം: മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം വ്യാവസായികാടിസ്ഥാനത്തിൽ തുറന്ന് കൊടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകളെത്താവുന്ന സൗകര്യം വിഴിഞ്ഞത്തുണ്ട്. തുറമുഖ വകുപ്പിൻ്റെ കൈവശമുള്ള ഭൂമികൾ അളന്ന് തിട്ടപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിസഭാ പുനസംഘടന എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് -സമസ്ത തർക്കം തിരഞ്ഞെടുപ്പുകളിൽ ലീഗിന് ദോഷം ചെയ്യുമെന്ന് അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. മതപരമായ അഭിപ്രായങ്ങൾ പറയാൻ സമസ്തക്ക് അവകാശമുണ്ട്. അതിൽ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ലീഗ് അഭിപ്രായം പറഞ്ഞത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് മുൻപും ശേഷവും എന്ന രീതിയിൽ കേരളത്തിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പലിന് അനായാസമായി വന്നുപോകാൻ കഴിയുന്ന സൗകര്യം വിഴിഞ്ഞത്ത് ലഭ്യമാണ്. നമ്മുക്കിതിനെ ദൈവത്തിന്റെ കടലെന്ന് വിശേഷിപ്പിക്കാനാകുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞത്ത് 'ക്രെയിൻ' കൊണ്ടുവരുന്നതിനെ ഇത്ര ആഘോഷമാക്കേണ്ട കാര്യമെന്തെന്ന ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയുടെ വിമർശനത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
സമരസമിതി മുന്നോട്ടുവച്ച എട്ട് ആവശ്യങ്ങളുണ്ടായിരുന്നു. അതിൽ ഏഴും പരിഹരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഉറപ്പുനൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സമരം രൂക്ഷമായ ഘട്ടത്തിലും അവരോടൊരിക്കലും പ്രകോപനപരമായി ഇടപെട്ടിട്ടില്ല. സമാധാനത്തിന്റെ പാതയിലാണ് സഞ്ചരിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രൊജക്ട് ആണിത്. ആരെയും മാറ്റിനിർത്താതെ എല്ലാവരെയും സഹകരിപ്പിക്കണമെന്നാണ് സർക്കാരിന്റെ താത്പര്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.