കൽപ്പറ്റ: മുൻ എംപി എം വി ശ്രേയാംസ് കുമാർ വ്യാജരേഖ ചമച്ച് വയനാട് കൃഷ്ണഗിരിയിൽ സർക്കാർ ഭൂമി മറിച്ചുവിറ്റതിൻ്റെ തെളിവുകൾ റിപ്പോർട്ടറിന്. പിതാവും മുൻ എം പിയുമായ വീരേന്ദ്രകുമാറിന് അവകാശമുള്ളതാണെന്ന് വ്യാജമായി രേഖയുണ്ടാക്കി ആധാരങ്ങൾ രജിസ്റ്റർ ചെയ്ത്, ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറിയെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. മലന്തോട്ടം എസ്റ്റേറ്റിൽ മരംമുറി നടന്നതെല്ലാം സർക്കാർ ഭൂമിയിൽ ആണെന്നും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ എസ് ഐ ടി അന്വേഷണം തുടരുന്നു.
വീരേന്ദ്രകുമാറിനെ അവകാശിയാക്കി എം വി ശ്രേയാംസ് കുമാർ മറിച്ചുവിറ്റത് സർക്കാർ ഭൂമി. 36 ഏക്കർ മാത്രം അവകാശമുള്ളിടത്ത് 95 ഏക്കർ ഭൂമിയാണ് കൃഷ്ണഗിരിയിലെ മലന്തോട്ടം എസ്റ്റേറ്റിൽ എം വി ശ്രേയാംസ് കുമാർ കൈവശം വച്ചത്. 2021ലും 2022ലും വ്യാജ ആധാരം തയ്യാറാക്കി ഭൂമി മറിച്ചുവിറ്റുവെന്നാണ് കലക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ 17.5 ഏക്കറാണ് ഇപ്പോൾ സർക്കാർ തിരിച്ചുപിടിച്ചിരിക്കുന്നത്. ഈ ഭൂമിയിലെ 100 ലേറെ ഈട്ടി മരങ്ങൾ മുറിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്രേയാംസ് കുമാർ വ്യാജരേഖ ചമച്ച് മറിച്ചുവിറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചുവെന്നത് കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി വി പുറത്തുവിട്ടിരുന്നു. ശ്രേയാംസ് വ്യാജരേഖ ചമച്ച് വിറ്റ കൃഷ്ണഗിരി വില്ലേജിലെ മലന്തോട്ടം എസ്റ്റേറ്റിലെ 17.5 ഏക്കർ സർക്കാർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. 17.5 ഏക്കർ ഭൂമി വില്ലേജ് രേഖയിൽ തിരുത്തി എഴുതിയാണ് വിൽപ്പന നടത്തിയത്.
സർക്കാർ ഭൂമി മറിച്ച് വിറ്റതിൽ ഭൂസംരക്ഷണ നിയമപ്രകാരമുള്ള നിർണായക നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ഭൂമി വില്ലേജ് രേഖയിൽ ശ്രേയാംസിന്റെ കുടുംബത്തിന്റെ ജന്മാവകാശ ഭൂമിയെന്ന് വ്യാജമായി എഴുതിച്ചേർത്തായിരുന്നു മറിച്ച് വിറ്റത്. ഈ ഭൂമിയിൽ നിന്ന് കോടികൾ വില വരുന്ന മരം മുറിച്ച് കടത്തുകയും ചെയ്തിരുന്നു.
മരംമുറി പുറത്ത് വന്നതോടെയാണ് ശ്രേയാംസിൻ്റെ ഭൂമി തട്ടിപ്പും പിടികൂടിയത്. ശ്രേയാംസിൻ്റെ കുടുംബം വ്യാജരേഖ ചമച്ച് സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റ ഭൂമിയാണ് സർക്കാർ ഭൂമിയാക്കി തിരിച്ചുപിടിച്ചത്. കൈമാറ്റം ചെയ്ത് കിട്ടിയ സ്വകാര്യ വ്യക്തികൾക്ക് ഇനി ഭൂനികുതി അടയ്ക്കാനാവില്ല. റവന്യൂ രേഖകളിലും ഈ 17.5 ഏക്കർ ഭൂമി ഇനി സർക്കാർ ഭൂമിയായാണ് കാണിക്കുക.