വയനാട്: കൃഷ്ണഗിരിയിലെ മലന്തോട്ടം എസ്റ്റേറ്റിൽ സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് ശ്രേയാംസ് കുമാർ മറിച്ചുവിറ്റെന്ന് ജില്ലാ കലക്ടറുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് പൊലീസിൽ ക്രിമിനൽ കേസ് നൽകാൻ വയനാട് ജില്ലാ കലക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. റിപ്പോർട്ടർ എസ് ഐ ടി അന്വേഷണം തുടരുന്നു.
കൃഷ്ണഗിരി വില്ലേജിലെ മലന്തോട്ടം എസ്റ്റേറ്റിൽ 135.18 ഏക്കർ ഭൂമിയാണ് ആകെയുള്ളതെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. 1988ൽ അന്നത്തെ വയനാട് സബ് കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ 36 ഏക്കർ ഭൂമിയിൽ മാത്രമാണ് ശ്രേയാംസിൻ്റെ കുടുംബത്തിന് ജന്മാവകാശം ഉണ്ടായിരുന്നത് എന്നും പറയുന്നു. ബാക്കിവരുന്ന 96 ഏക്കറിലേറെ ഭൂമി ശ്രേയാംസ് കുമാറിൻ്റെ കുടുംബം വ്യാജരേഖ ചമച്ച് മറിച്ചുവിറ്റു. ഇങ്ങനെ മറിച്ചുവിറ്റ ഭൂമിയിലാണ് കഴിഞ്ഞവർഷം വ്യാപകമായി മരം മുറി നടന്നത്. കോടികൾ വിലമതിക്കുന്ന ഈട്ടി മരങ്ങൾ ഉൾപ്പെടെ 100ലേറെ മരങ്ങൾ മുറിച്ചു കടത്തി. പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് വിശദമായ അന്വേഷണം നടത്തി. 2023 മാർച്ചിൽ വയനാട് ജില്ലാ കലക്ടർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ടും നൽകിയെന്ന് എസ്ഐടി അന്വേഷണത്തില് കണ്ടെത്തി.
'മലന്തോട്ടം എസ്റ്റേറ്റിൽ നടന്നത് ക്രിമിനൽ പ്രവർത്തിയാണ്. ഉടൻ പൊലീസ് കേസെടുക്കാന് നടപടി ഉണ്ടാകണം'. എന്നാണ് കലക്ടറുടെ റിപ്പോർട്ടില് പറയുന്നത്. ഭൂ സംരക്ഷണ നിയമ പ്രകാരം മുഴുവൻ സർക്കാർ ഭൂമിയും തിരിച്ച് പിടിക്കാനും ഉത്തരവുണ്ട്. ഇതിൽ പതിനേഴര ഏക്കർ സർക്കാർ ഭൂമി ഇതിനകം റവന്യൂ രേഖകളിൽ തിരിച്ചുപിടിച്ചിട്ടുണ്ട്. ഏഴുമാസം മുമ്പ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൊടുത്ത റിപ്പോർട്ടിൽ ഇനിയും നടപടിയായില്ല. ശ്രേയാംസ്കുമാർ വ്യാജമായി ചമച്ച 10 ആധാരങ്ങളും റദ്ദ് ചെയ്യാനുള്ള നിർദ്ദേശവും നടപ്പായില്ല.