കൊല്ലം: മറ്റൊരുബാങ്കില് ഈടായിവച്ച പ്രമാണത്തിന്റെ രേഖയില് കൊല്ലത്തെ കൊല്ലൂര്വിള സര്വീസ് സഹകരണ ബാങ്കില് നിന്ന് രണ്ട് കോടിരൂപ എട്ട് പേര്ക്ക് ചട്ടവിരുദ്ധമായി വായ്പ അനുവദിച്ചതായി പരാതി. എട്ടുപേരും വ്യാജ അംഗത്വം സ്വീകരിച്ചാണ് വായ്പ കൈപറ്റിയിരിക്കുന്നതെന്നും റിപ്പോർട്ടർ അന്വേഷണത്തില് കണ്ടെത്തി.
കൊല്ലൂര്വിള സര്വീസ് സഹകരണ ബാങ്കിന്റെ പ്രവര്ത്തനപരിധിക്ക് പുറത്തുള്ള എട്ട് പേരാണ് ബാങ്കില് വ്യാജമായി അംഗ്വത്വം സ്വീകരിച്ച് കോടികള് തട്ടിയെടുത്തത്. ചെറുമൂട് വാറുതുണ്ടില് വീട്ടില് ബീനയുടെ വസ്തുവിന്റെ പ്രമാണം, സൂര്യനഗറില് ചാണിക്കല് പടിഞ്ഞാറ്റതില് എന്ന വ്യാജ വിലാസം ഉണ്ടാക്കി എട്ട് പേര് അന്യായമായി വായ്പ എടുത്തു. ഇവര് രണ്ട് കോടി വായ്പ എടുത്തതില് ഒരു രൂപ പോലും ഇതുവരെ തിരിച്ചടവ് വന്നില്ല. ഇതിനാല് ബാങ്കിന് ഒരുകോടി 15 ലക്ഷം രൂപ പലിശയും ഉണ്ടായി.
വാറുതുണ്ടില് വീട്ടില് ബീന, രവിനാഥന് പിള്ള, രാഗേഷ്, കൊച്ചുവിള വീട്ടില് ബാബു, കമലോദയത്തില് അഞ്ജലി, കൊച്ചുവിള വിട്ടില് സുഷമ, പുലിവെട്ടത്ത് വീട്ടില് സി അനീഷ്, പുന്നയ്ക്കല് വീട്ടില് പി സിന്ധു എന്നിവരാണ് വ്യജ വിലാസം ഉണ്ടാക്കി 25 ലക്ഷം രൂപ വീതം രണ്ട് കോടിരൂപ വായ്പ എടുത്തത്.
കൊല്ലം കോര്പറേഷിലെ കൊല്ലൂര്വിള, കയ്യാലക്കല്, വടക്കേവിള, ഐത്തില് എന്നീ പ്രദേശങ്ങളാണ് ബാങ്കിന്റെ പ്രവര്ത്തന പരിധി. ഇതിനു പുറത്തുള്ളവര്ക്ക് അംഗത്വം നല്കാന് ബാങ്കിന്റെ ബൈലോ അനുവദിക്കില്ല. ഈ നിയമം ലംഘിച്ചാണ്, കൊട്ടരക്കര, പൗത്രേശ്വരം, ചെറുമൂട്, വെള്ളിമണ്, മുഖത്തല എന്നിവിടങ്ങളില് സ്ഥിരതാമസക്കാരായ എട്ട് പേർക്ക് വ്യാജ അംഗത്വം ഉണ്ടാക്കി വായ്പ അനുവദിച്ചത്.
വസ്തു നേരില് കണ്ട് മാര്ക്കറ്റ് വാല്യു, തിരിച്ചടവ് ശേഷി എന്നിവയെല്ലാം വിലയിരുത്തി മാത്രമേ വായ്പ അനുവദിക്കാന് ശുപാര്ശ ചെയ്യൂ എന്നിരിക്കെ ചട്ടവിരുദ്ധമായി വായ്പ അനുവദിച്ചതില് ബാങ്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, വാല്യുവേഷന് നടത്തിയ ആള് തുടങ്ങിയവർ മറുപടി പറയേണ്ടി വരും.