കോഴിക്കോട്: പലസ്തീനിൽ വംശീയ ഉന്മൂലനം നടക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ എംപി. വരും ദിവസങ്ങളിൽ കൂട്ട മരണങ്ങൾ നടക്കാൻ പോകുന്നു. ലോക മനസാക്ഷി ഉയർന്നിട്ടില്ല. ഐക്യരാഷ്ട്ര സഭ നോക്കു കുത്തിയായി. ഇസ്രയേൽ യഥാർത്ഥത്തില് ഒരു തെമ്മാടി രാഷ്ട്രമായി മാറിയിരിക്കുകയാണ്. എല്ലാ രാഷ്ട്രങ്ങളും ഇത് നോക്കി നിൽക്കുന്നത് ഞങ്ങളെ അതിശയിപ്പിക്കുന്നുവെന്നും മുനീർ പറഞ്ഞു. പലസ്തീനെ തുടച്ചുമാറ്റും എന്ന രീതിയിലാണ് ഇസ്രയേൽ മുന്നോട്ട് പോകുന്നത്. അതിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് ബൈഡൻ അടക്കം നിലപാട് എടുത്തിരിക്കുന്നത്.
പലസ്തീനിൽ വെള്ളം, ഭക്ഷണം വെളിച്ചം ഒന്നും ഇല്ല. ഇരുട്ട് കട്ട പിടിക്കുന്നതോടുകൂടി ബോംബ് വർഷിക്കുകയാണെന്നും എം കെ മുനീർ പറഞ്ഞു. മനുഷ്യത്വത്തിൻ്റെ പക്ഷത്ത് നിന്നുള്ള പ്രതിഷേധം. മനുഷ്യാവകാശത്തിന് വേണ്ടിയിട്ടുള്ള ശക്തമായ വലിയ പോരാട്ടമാണ് മുസ്ലിം ലീഗ് നടത്താൻ ഉദ്ദേശിക്കുന്നത്. മനുഷ്യത്വമുള്ള യഥാർത്ഥ മനുഷ്യർ ഓരോ രാജ്യങ്ങളിലും വലിയ റാലികൾ സംഘടിപ്പിച്ച് പ്രതിഷേധം അറിയിക്കുന്നുണ്ട്. അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ഇന്ന് കോഴിക്കോട് നടക്കുന്ന റാലിയിൽ ലക്ഷങ്ങളാണ് പങ്കെടുക്കുക. ഇത് മുഷ്യത്വത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള വലിയ കരച്ചിലാണെന്ന് മുനീർ പറഞ്ഞു. എല്ലാവരുടേയും നിലപാട് ഉണരട്ടെ, എല്ലാവരും ആഹ്വാനം ചെയ്യട്ടെ, ഇന്ത്യ മുഴുവൻ പ്രതിധ്വനി ഉണ്ടാകട്ടെ. മോദിക്ക് ബോധ്യമുണ്ടാകട്ടെ ബഹുഭൂരിപക്ഷം എവിടെ നിൽക്കുന്നു എന്നുള്ളത്. ഭരണാധികാരികളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ എല്ലാ സ്ഥലത്തും റാലികൾ നടത്തണം.
എല്ലാവരും അവരവരുടെ പ്രതിഷേധം അറിയിക്കേണ്ട സന്ദർഭമാണിത്. ഈ മാസം 31ന് സമസ്ത പ്രാർത്ഥന യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരെയും കൂട്ടി പരിപാടി നടത്തൽ മുസ്ലീം ലീഗിന്റെ മാത്രം ബാധ്യതയാണോ. ലീഗിന്റെ ബഹുഭൂരിപക്ഷം പേരും സമസ്തയാണ്. അവരും ഉണ്ടാകുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടെന്താണ് ? മുഖ്യമന്ത്രി പിണറായി ഏത് പക്ഷത്താണ് ? അവർ എല്ലാവരെയും കൂട്ടിപ്പിടിച്ചാണോ പ്രതിഷേധിക്കുന്നത്. അദ്ദേഹം മനുഷ്യ പക്ഷത്താണോ നിൽക്കുന്നത്. റാലിയിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പേരിൽ കേസെടുത്തോട്ടെ. സംസ്ഥാന പ്രസിഡൻ്റ് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള പ്രതിഷേധ റാലിയ്ക്ക് ഫൈനിട്ടിട്ടുണ്ട്. പ്രതിഷേധിക്കുന്നവർക്ക് ഫൈനിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള് മാറി. വയലാർ പുന്നപ്ര നടത്തിയ പ്രസ്ഥാനത്തിൻ്റെ പ്രതിനിധി കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരിക്കുമ്പോൾ സമരങ്ങളും പ്രതിഷേധങ്ങളും തടയുകയാണ്. നിലപാടും പ്രവൃത്തിയും രണ്ടാവുന്നു. എല്ലാം തങ്ങൾക്കെതിരെയാണെന്നാണ് പിണറായിക്ക് തോന്നുന്നതെന്നും മുനീർ വിമർശിച്ചു.
മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം ഒരു രാഷ്ട്രീയ സംഘടന എന്ന നിലയ്ക്ക് അതിന്റേതായ ചില കാര്യങ്ങള് ചെയ്ത് പോവുകയാണ്, സമസ്ത മതസംഘടന എന്ന നിലയ്ക്ക് അവരുടെ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോവുകയാണെന്ന് എം കെ മുനീർ പറഞ്ഞു. അതിനിടയിൽ ഉന്നത തലത്തില് സമസ്തയും മുസ്ലിം ലീഗും തമ്മില് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് മുനീർ പറഞ്ഞു. അങ്ങനെ ഒരു സ്പര്ദയിലേക്ക് പോകുന്നൊരു സാഹചര്യം കേരളത്തില് ഉണ്ടായിട്ടില്ല. മുസ്ലിം ലീഗും സമസ്തയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങള് ഉണ്ടായിട്ടുണ്ട്. രണ്ട് സംഘടനകള് ആകുമ്പോള് അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും ഐക്യവുമുണ്ടാകും. മുസ്ലിം ലീഗിന്റെ നിലപാടുകളിലേക്ക് ആരെങ്കിലും കടന്നുവരുമ്പോള് മാത്രമേ ഇടപെടാറുള്ളൂവെന്നും മുനീർ വ്യക്തമാക്കി.
ഗവൺമെന്റ് ഒരു കാര്യത്തിന് വിളിച്ചാൽ സമസ്ത പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ പിണറായി വിജയൻ ഇതെല്ലാം കലക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുന്നു. മുസ്ലിം ലീഗ് നിയമസഭ സാന്നിധ്യമുണ്ട്. ഗവൺമെന്റ് ഏതെങ്കിലും വിഷയം സംസാരിക്കുമ്പോൾ അതിനകത്തെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ അതിനകത്ത് വിഷയം ഉന്നയിച്ച രാഷ്ട്രീയ സംഘടനകളോടാണ് അദ്ദേഹം ആദ്യം സംസാരിക്കേണ്ടത്. എന്നാൽ അദ്ദേഹം നിയമസഭയെ നോക്കുക്കുത്തിയാക്കി. മറ്റു സംഘടനകളുമായി നേരിട്ട് ചർച്ച ചെയ്യാൻ തീരുമാനിച്ചു. അത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ലാക്കാണ്. അതിൽ മുസ്ലീം ലീഗ് ഭയപ്പെടില്ല. ബാധിക്കുകയും ഇല്ല.
ഞങ്ങളുടെ രണ്ട് നേതാക്കളും പല സ്ഥലത്ത് വച്ച് കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. പിണറായി വിളിക്കുമ്പോൾ സമസ്ത പോകുന്നതിൽ ഞങ്ങൾക്ക് ഞെട്ടലും പേടിയും ഒന്നുമില്ല. . സമസ്തയ്ക്കും ലീഗിനും അവരവരുടെതായ സ്വാതന്ത്ര്യം ഉണ്ട്. പാലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട് കൃത്യമാണ്. ഈ നിലപാട് മഹാത്മ ഗാന്ധിയുടെയും ജവഹർ ലാൽ നെഹ്റുവിന്റെയും കാലം മുതല് തുടരുന്നതാണെന്നും മുനീർ പറഞ്ഞു.
ഇന്ന് വൈകുന്നേരം നാലുമണിയ്ക്കാണ് പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിന്റെ മനുഷ്യാവകാശ മഹാറാലി കോഴിക്കോട് കടപ്പുറത്ത് നടക്കുക. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ റാലിയിൽ പങ്കെടുക്കും. റാലിയിൽ രാഷ്ട്രീയമില്ലെന്നും പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം മാത്രമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.