ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്നത് നിഷ്കളങ്കമായ തീരുമാനമല്ല: മന്ത്രി ആർ ബിന്ദു

'ഏത് ദിശയിലേക്കാണ് വിദ്യാഭ്യാസ മേഖലയെ കൊണ്ടുപോകുന്നത്?'

dot image

തിരുവനന്തപുരം: പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യ മാറ്റി ഭാരത് എന്ന് ആക്കി മാറ്റാൻ എൻസിഇആർടി ശുപാർശ നൽകിയതിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. പേര് മാറ്റം നിഷ്കളങ്കമായ തീരുമാനമല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഭയത്തോട് കൂടി മാത്രമേ തീരുമാനത്തെ കാണാൻ കഴിയൂ. ഏത് ദിശയിലേക്കാണ് വിദ്യാഭ്യാസ മേഖലയെ കൊണ്ടുപോകുന്നതെന്നും പുതിയ തലമുറ ഏത് ഇന്ത്യയെ ആണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി ചോദിച്ചു. മത നിരപേക്ഷതയുടെ മുകളിലെ മരണ മണികളാണിത്. പിന്നിൽ ഗൂഢവും സംഘടിതവുമായ ചില തീരുമാനങ്ങളാണുള്ളത്. ഇതിന്റെ പ്രത്യാഘാതം മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'ആര്എസ്എസ് ആലയിലെ വര്ഗീയ സിദ്ധാന്തം അടിച്ചേൽപ്പിക്കാനുള്ള ശ്രമം'; പുസ്തക പരിഷ്കരണത്തിൽ കെ സുധാകരൻ

ജനാധിപത്യമൂല്യങ്ങള്ക്ക് നിരക്കാത്തതാണ് എൻസിഇആർടിയുടെ നീക്കമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ഭാരതം എന്ന് ഉപയോഗിച്ചാല് മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. ഇത് സങ്കുചിത രാഷ്ട്രീയമാണ്. എന്സിഇ ആര്ടിയുടെ ശുപാര്ശയെ കേരളം തുടക്കത്തിലെ തളളിയതാണ്. ഭരണഘടനാ മൂല്യങ്ങള് ഉയര്ത്തിപിടിച്ചും രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ഉയര്ത്തിപിടിച്ചും യഥാര്ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളര്ത്തുന്നതുമായ ഒരു പാഠ്യപദ്ധതിയാണ് കേരളത്തില് നടപ്പിലാക്കുക. അതില് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ ശുപാർശ നൽകിയത്. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യ എന്ന് വാക്ക് ഉപയോഗിച്ചതെന്നും അതിന് മുൻപ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു. എന്നാൽ എന്സിഇആർടി നിർദേശം കേരളത്തിൽ നടപ്പാക്കിയേക്കില്ല. എന്സിഇആർടി ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ സ്വന്തമായി ടെക്സ്റ്റ് ബുക്ക് ഇറക്കുന്നത് അടക്കമുള്ള സാധ്യതകൾ തേടാനാണ് സംസ്ഥാന സർക്കാരിന്റെ ആലോചന.

ഭാരതം എന്ന് ഉപയോഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്ക്, ഉദ്ദേശ്യം കാവിവല്ക്കരണം: വി ശിവൻകുട്ടി

കേരളത്തില് പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിലാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്. ചരിത്രം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ എൻസിഇആർടി വെട്ടിയ പ്രധാന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പാഠപുസ്തകങ്ങൾ തന്നെ അടുത്തിടെ പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ടെക്സ്റ്റുകളിൽ 'ഭാരത്' ആക്കാനുള്ള എൻസിഇആർടിയുടെ പുതിയ നീക്കത്തിനെതിരെയും ശക്തമായ നിലപാട് തുടരാനാണ് സംസ്ഥാന സർക്കാരിൻറെ തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us