കൊച്ചി: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ സിബിഐ അന്വേഷണം നിർണായക ഘട്ടത്തിൽ. താമിർ ജിഫ്രിയെ പൊലീസ് മർദ്ദിക്കുന്നത് നേരില് കണ്ടുവെന്ന് ദൃക്സാക്ഷികൾ മജിസ്ട്രേറ്റിന് മൊഴി നൽകി. താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച നാലു പേരും ഡാൻസാഫ് വിട്ടയച്ച ഏഴംഗ സംഘത്തിൽപ്പെട്ട രണ്ടു യുവാക്കളുമാണ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായത്. ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരാണ് മൊഴി നൽകിയത്.
എറണാകുളം സിബിഐ കോടതിയിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. നേരത്തെ സിബിഐ ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സിബിഐ ശേഖരിച്ചു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്.
കേസിൽ പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്ന യുവാക്കളുടെ വെളിപ്പെടുത്തൽ നേരത്തെ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും യുവാക്കളുടെ മൊഴികളായിരുന്നു വഴിത്തിരിവായത്. സാക്ഷികളെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് സിബിഐയുടെ നിർണ്ണായക നീക്കം. കേസിൽ പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ വൈകാതെ കടക്കുമെന്നാണ് സൂചന.