ഭാരതം എന്ന് ഉപയോഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്ക്, ഉദ്ദേശ്യം കാവിവല്ക്കരണം: വി ശിവൻകുട്ടി

'പാഠപുസ്തകങ്ങളെ മുഴുവനായും കാവി പുതപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്'

dot image

തിരുവനന്തപുരം: പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യ മാറ്റി ഭാരത് എന്ന് ആക്കി മാറ്റാൻ എൻസിഇആർടി ശുപാർശ നൽകിയതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനാധിപത്യമൂല്യങ്ങള്ക്ക് നിരക്കാത്തതാണ് എൻസിഇആർടിയുടെ നീക്കം. ഭാരതം എന്ന് ഉപയോഗിച്ചാല് മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. ഇത് സങ്കുചിത രാഷ്ട്രീയമാണ്. എന്സിഇ ആര്ടിയുടെ ശുപാര്ശയെ കേരളം തുടക്കത്തിലെ തളളിയതാണ്. ഭരണഘടനാ മൂല്യങ്ങള് ഉയര്ത്തിപിടിച്ചും രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ഉയര്ത്തിപിടിച്ചും യഥാര്ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളര്ത്തുന്നതുമായ ഒരു പാഠ്യപദ്ധതിയാണ് കേരളത്തില് നടപ്പിലാക്കുക. അതില് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് 33 കോടി സ്കൂൾ പ്രായമുള്ള കുട്ടികൾ ഉണ്ട് എന്നതാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 25 കോടി കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ എത്തുന്നത്. ബാക്കി 8 കോടി കുട്ടികൾ വിവിധ കാരണങ്ങളാൽ സ്കൂൾ പാഠ്യപദ്ധതിയുടെ പുറത്താണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിയുമ്പോഴാണ് നാം ഈ കണക്ക് പറയുന്നത് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസം മുന്നോട്ടു പോകുക എന്നത് ശ്രദ്ധേയമായ ചോദ്യമാണെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ നിന്നും ഒളിച്ചോടി പുകമറ സൃഷ്ടിക്കാനുള്ള ഏത് പ്രവർത്തനത്തെയും തുറന്നു കാണിക്കാനുള്ള ബാദ്ധ്യത ഒരു പുരോഗമന സമൂഹം എന്ന നിലയിൽ കേരളത്തിനുണ്ട്. ദേശീയ തലത്തിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ പേരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. പാഠപുസ്തകങ്ങളെ മുഴുവനായും കാവി പുതപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

ദേശീയ തലത്തിൽ കൊവിഡിന്റെ പേരും പറഞ്ഞ് എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നും വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു. പ്രധാനമായും ഭരണഘടനാ മൂല്യങ്ങൾ സംബന്ധിച്ച ഭാഗങ്ങൾ, ഇന്ത്യയുടെ ചരിത്രം പ്രധാനമായും മുഗൾ രാജവംശം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പട്ടിണി, തൊഴിലില്ലായ്മ, വർഗ്ഗീയത തുടങ്ങിയവ, രാജ്യത്തെ പ്രധാന ജനകീയ പ്രക്ഷോഭങ്ങൾ ഗുജറാത്ത് കലാപം, ഗാന്ധി വധം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഇത്തരം കാര്യങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ അക്കാദമിക താൽപര്യം ബലി കഴിക്കപ്പെടുകയാണ്. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് ഇത് മുന്നോട്ടു പോകുന്നത്. ജനകീയ ചർച്ചകളും വിദ്യാർത്ഥി ചർച്ചകളും ഇതിലൊന്നും പങ്കെടുക്കാൻ കഴിയാത്ത ആൾക്കാർക്കായി ടെക് - പ്ലാറ്റ്ഫോം വഴിയും അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിർമ്മിച്ച പാഠ്യപദ്ധതി ചട്ടക്കൂടുകൾ എല്ലാം ജനസമക്ഷത്ത് ഇതിനകം തന്നെ അവതരിപ്പിക്കുകയും തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുവാൻ അവസരം നൽകുകയുമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കാൻ കഴിയും. 2025 ജൂണിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പുതുക്കിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. ചരിത്ര വസ്തുതകളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങളെയും നമ്മൾ തള്ളിക്കളയുന്നു. ദേശീയ തലത്തിൽ മുമ്പ് ഇത്തരമൊരു നീക്കം ഉണ്ടായപ്പോൾ തന്ന കേരളം അക്കാദമികമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടാകും. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ചരിത്രം, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ പാഠപുസ്തകങ്ങൾക്ക് അഡീഷണൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാണ് കേരളം പ്രതികരിച്ചത്. ഇന്ത്യയിൽ ഇത്തരത്തിൽ അക്കാദമികമായി പ്രതികരിച്ച ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പ്രതികരിച്ചു.

മാത്രവുമല്ല വിദ്യാഭ്യാസം എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയം ആയതു കൊണ്ടു തന്നെ സംസ്ഥാനത്തിന് സ്വന്തമായി തീരുമാനം എടുക്കാനും മുന്നോട്ടു പോകാനുമുള്ള അവകാശമുണ്ട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ നിലവിൽ കുറച്ച് പാഠപുസ്തങ്ങൾ എൻസിഇആർടിയുടേതാണ് നാം ഉപയോഗിക്കുന്നത്. ആകെയുള്ള 124 പുസ്തകങ്ങളിൽ 44 എണ്ണം മാത്രമാണ് എൻസിഇആർടി പ്രസിദ്ധീകരിക്കുന്നവ.

പതിനൊന്നാം ക്ലാസ്സിൽ ആകെ 59 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. അതിൽ 39 എണ്ണം എസ്സിഇആർടി തയ്യാറാക്കുന്നവയാണ്. 20 എണ്ണമാണ് എൻസിഇആർടിയുടേതായി നാം ഉൾപ്പെടുത്തുന്നത്. പന്ത്രണ്ടാം ക്ലാസ്സിൽ 65 പാഠപുസ്തകങ്ങളിൽ 41 എണ്ണം എസ്സിഇആർടിയുടേതും 24 എണ്ണം എൻസിഇആർടിയുടേതുമാണ്. 80 പാഠപുസ്തകങ്ങൾ സംസ്ഥാനം തന്നെയാണ് ഇപ്പോൾ വികസിപ്പിക്കുന്നത്. പതിനൊന്നാം ക്ലാസ്സിലെ 39 പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതും, ശാസ്ത്ര നിരാസമുള്ളതും യഥാർത്ഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എൻസിഇആർടി പാഠപുസ്തകങ്ങളിലൂടെ കുട്ടികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ കേരളം അക്കാദമികമായി സംവാദങ്ങൾ ഉയർത്തി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്ന 44 പാഠപുസ്തകങ്ങളും അക്കാദമിക താൽപര്യം മുൻനിർത്തി സംസ്ഥാനം തന്നെ തയ്യാറാക്കുന്ന പ്രവർത്തനം സംസ്ഥാന കരിക്കുലം കമ്മിറ്റി വിളിച്ചു ചേർത്ത് വിശദമായി ചർച്ച ചെയ്യുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us