കൊച്ചി: വാളയാർ കേസിലെ പ്രതി കുട്ടി മധുവിനെ ആലുവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടയാർ സിങ്കിലെ ജീവനക്കാരൻ നിയാസിനെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാൾ മധുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
മധുവിൻ്റേത് ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തിൽ മർദനമേറ്റിട്ടില്ല. തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ജോലി സ്ഥലത്ത് മോഷണം നടത്തിയതിന് മധുവിനെ തടങ്കലിൽ വച്ചിരുന്നു. കേസിൽ കുടുക്കുമെന്ന് മാനേജർ നിയാസ് ഭീഷണിപ്പെടുത്തി. മാനസിക വിഭ്രാന്തിയിൽ മധു ആത്മഹത്യ ചെയ്തതതാണെന്നും പൊലീസ് അറിയിച്ചു.
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണം; കേസിലെ പ്രതി മരിച്ച നിലയിൽഇന്നലെയാണ് വാളയാർ പീഡനക്കേസിലെ നാലാം പ്രതി മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി ബിനാനി സിങ് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിപ്പോയ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇയാൾ. നേരത്തെ കേസിലെ മൂന്നാം പ്രതി പ്രദീപ് ആലപ്പുഴയിലെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. ഇനി കേസിൽ മൂന്ന് പ്രതികൾ മാത്രമാണ് അവശേഷിക്കുന്നത്.