കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില് ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു. നിര്ബന്ധിത ലയനത്തിനുള്ള സഹകരണ സൊസൈറ്റി നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്കിയ ഹര്ജി സിംഗിള് ബെഞ്ച് തള്ളി. ഇതോടെ യുഡിഎഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കിന്റെ ഭാഗമായി.
ലയന പ്രമേയമോ അഡ്മിനിസ്ട്രേറ്റര് ഭരണമോ ഇല്ലെങ്കിലും ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാമെന്നാണ് സഹകരണ സൊസൈറ്റി നിയമ ഭേദഗതി. ഇത് നിര്ബന്ധിതമായി ജില്ലാ സഹകരണ ബാങ്കുകളെ ഏറ്റെടുക്കാന് കേരള ബാങ്കിന് അധികാരം നല്കി. 2021ലായിരുന്നു ഹര്ജിക്കാധാരമായ നിയമ ഭേഗഗതി. ഇത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് യുഎ ലത്തീഫ് എംഎല്എയാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹകരണ നിയമ ഭേദഗതി നിലനില്ക്കുന്നതല്ലെന്ന റിസര്വ് ബാങ്കിന്റെ നിലപാടും ഹൈക്കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതിയുടെ മലപ്പുറം ബാങ്ക് ലയന വിധി സുപ്രധാനമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. യുഡിഎഫ് ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത വാദങ്ങളാണ്. യുഡിഎഫ് സഹകാരികളെ തെറ്റിദ്ധരിപ്പിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് മാപ്പു പറയണമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.