തിരുവനന്തപുരം: സംസ്ഥാനത്തെ ജൈവകൃഷി പ്രോത്സാഹനത്തിന് മിഷൻ രൂപീകരിക്കുന്നു. ജൈവകാർഷിക മിഷൻ എന്ന പേരിലാണ് പുതിയ മിഷൻ രൂപീകരിക്കുന്നത്. കേന്ദ്ര പദ്ധതികൾ ഉപയോഗിച്ച് ജൈവകൃഷി വിജയകരമായി മിഷൻ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കൃഷി മന്ത്രി പി പ്രസാദ് ചെയർമാനും കാർഷികോൽപ്പാദന കമ്മീഷണർ വൈസ് ചെയർമാനും കൃഷിഡയറക്ടർ മെമ്പർ സെക്രട്ടറിയുമായ ഗവേണിങ്ങ് കൗൺസിലായിരിക്കും മിഷനെ നയിക്കുക.
സുരക്ഷിത ഭക്ഷണത്തിനായി ജൈവകൃഷി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് മിഷൻെറ ലക്ഷ്യം. വിഷരഹിത പച്ചക്കറികളും ഭക്ഷ്യോത്പന്നങ്ങൾ ഉത്പ്പാദിപ്പിക്കുക എന്നതിലേക്കുളള ചുവടുവെയ്പ് കൂടിയാണ് മിഷൻ. കേന്ദ്ര പദ്ധതികൾ ഉപയോഗിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. തരിശ് പ്രദേശങ്ങൾ കൃഷിക്കായി പരിവർത്തനം ചെയ്യുമ്പോൾ ജൈവകൃഷിക്കായിരിക്കും മുൻഗണന നൽകുക.
2008ൽ മുല്ലക്കര രത്നാകരൻ കൃഷിമന്ത്രി ആയിരിക്കുമ്പോഴാണ് സംസ്ഥാനത്തിന് വേണ്ടി ആദ്യമായി ഒരു ജൈവകാർഷിക നയം രൂപീകരിക്കുന്നത്. അന്നും മിഷൻ രൂപീകരണത്തിന് ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രാവർത്തികമായിരുന്നില്ല. കൗൺസിലിന് താഴെയായി എക്സിക്യൂട്ടിവ് കമ്മിറ്റിയുമുണ്ടാകും. കൃഷി വകുപ്പ് ഡയറക്ടറായിരിക്കും എക്സിക്യൂട്ടിവ് ഡയറക്ടർ. ജില്ലാ തലത്തിലും ബ്ലോക്ക് പഞ്ചായത്തിലും മിഷന് കമ്മിറ്റികളുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളെയും കുടുംബശ്രീയേയും സഹകരണ വകുപ്പിനെയും മിഷനുമായി സഹകരിപ്പിക്കാനും തീരുമാനമുണ്ട്.