തിരുവനന്തപുരം: എൻസിപി സംസ്ഥാന കമ്മിറ്റിയിൽ ഭിന്നത രൂക്ഷമാകുന്നു. പ്രസിഡന്റ് പി സി ചാക്കോ പാർട്ടിയെ പിളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. മന്ത്രിസ്ഥാനം നിലനിർത്താൻ മന്ത്രി എ കെ ശശീന്ദ്രൻ ഇത്തരം നീക്കങ്ങൾക്ക് പിന്തുണ നൽകുകയാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളില്ലെന്നാണ് എ കെ ശശീന്ദ്രന്റെ പ്രതികരണം.
എൻസിപി സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു എന്നതിന്റെ തെളിവാണ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായവർ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോക്കെതിരെ നടത്തിയ പ്രതികരണം. പാർട്ടിയെ പിളർത്തി ചാക്കോയുടെ തൊഴുത്തിൽ കെട്ടുന്ന പുതിയ പാർട്ടി ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ചാക്കോയുടെ നിലപാടിൽ മനംമടുത്ത സംസ്ഥാന - ജില്ലാ നേതാക്കൾ ചേർന്ന് സമാന്തര യോഗങ്ങൾ ചേരാൻ ഒരുങ്ങുകയാണ്. എന്നാൽ അജിത് പവാർ അനുകൂലികളായ നേതാക്കളാണ് സമാന്തര യോഗം വിളിക്കുന്നതെന്നും. അത് സമാന്തര പാർട്ടി പ്രവർത്തനമല്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നു.
കേരളത്തിലെ എൻസിപി എംഎൽഎ മാർ എൻഡിഎയുടെ ഭാഗമാകില്ലെന്ന് ശശീന്ദ്രൻ വ്യക്തമാക്കുന്നു. തോമസ് കെ തോമസ് ഇടതുമുന്നണിയുടെ ഭാഗമായിത്തന്നെ തുടരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എൻസിപിയിൽ ഒരുതരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങളുമില്ല. അജിത് പവാർ അനുകൂലികളാണ് സമാന്തര യോഗം വിളിക്കുന്നത്. അജിത് പവാറിനൊപ്പമാണ് ദേശീയ ജനറൽ സെക്രട്ടറിയായ എൻ എ മുഹമ്മദ് കുട്ടി. മുഹമ്മദ് കുട്ടി യോഗം വിളിക്കുന്നത് സമാന്തര പ്രവർത്തനമല്ല. എൻസിപി കേരളത്തിൽ എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും എ കെ ശശീന്ദ്രൻ പറയുന്നു.