കോട്ടയം: കോട്ടയം ലോക്സഭാ സീറ്റില് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിന് ശക്തനായ സ്ഥാനാര്ത്ഥിയില്ലെന്ന് കോണ്ഗ്രസ് വിലയിരുത്തല്. കോണ്ഗ്രസ് മത്സരിച്ചാല് വിജയം ഉറപ്പാണെങ്കിലും മുന്നണി സംവിധാനത്തിന് കോട്ടം വരുത്തുന്നതാകും ആ തീരുമാനമെന്നും പാര്ട്ടിയില് അഭിപ്രായമുണ്ട്. രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് ലോക്സഭ സീറ്റ് ഏറ്റെടുക്കണമെന്നും ആവശ്യം ഉയര്ന്നു. കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഇക്കാര്യത്തില് നിര്ണായകമാകും.
കോട്ടയം ലോക്സഭാ സീറ്റില് ജയിക്കാന് പ്രാപ്തരായ നേതാക്കള് ജോസഫ് വിഭാഗത്തിലില്ല. ഉള്ളതില് കരുത്തരായ പി ജെ ജോസഫും മോന്സ് ജോസഫും നിലവില് എം എല് എമാരുമാണ്. സീറ്റിനായി പിസി തോമസും ഫ്രാന്സിസ് ജോര്ജും രംഗത്തുണ്ടെങ്കിലും ഇരുവര്ക്കും ജയസാധ്യതയില്ലെന്നാണ് കോണ്ഗ്രസ് വിലയിരുത്തല്. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നല്കി ജോസഫില് നിന്ന് ലോക്സഭാ സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായവും കോണ്ഗ്രസിലുണ്ട്. തീരുമാനങ്ങള് നേതൃ തലത്തിലാണ് ഉണ്ടാകേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് റിപ്പോര്ട്ടറിനോട് പറഞ്ഞു.
കോണ്ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്പ്പുകള് ജോസഫ് വിഭാഗം മുഖവിലയ്ക്കെടുക്കുന്നില്ല. എന്നാല് ശക്തനായ സ്ഥാനാര്ത്ഥി വേണമെന്ന കോണ്ഗ്രസിന്റെ നിര്ദ്ദേശം ജോസഫ് വിഭാഗം പരിഗണിക്കും. നേതൃക്യാമ്പിന് ശേഷം സ്ഥാനാര്ത്ഥി നിര്ണയ ചര്ച്ചകള് തുടങ്ങാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.