കൊച്ചി: പലസ്തീന് ഐക്യദാര്ഢ്യ റാലിയില് ശശി തരൂര് എംപി നടത്തിയ പരാമര്ശം പൊതുബോധത്തില് നിന്നും ഉണ്ടായതെന്ന് യൂത്ത് ലീഗ് ജനറല് സെക്രട്ടറി പി കെ ഫിറോസ്. പരാമര്ശം വേദിയില് വെച്ച് ലീഗ് നേതൃത്വം തിരുത്തിയിട്ടുണ്ട്. അതിന് ശേഷവും റാലി ആകമാനം ഇസ്രയേല് അനുകൂലമാണെന്ന് പറയുന്നത് സദുദ്ദ്യേശത്തോടെയല്ലെന്നും പി കെ ഫിറോസ് റിപ്പോര്ട്ടര് ടി വി പ്രസ് കോണ്ഫറന്സിലൂടെ പ്രതികരിച്ചു.
'ജാതീയമായ വിവേചനം വെച്ചുപുലര്ത്തുന്നയാളല്ലാ ഞാനെന്ന് തരൂര് ഒരു വേദിയില് പറഞ്ഞപ്പോള് ഒരു പെണ്കുട്ടി ഇടപെട്ടു സംസാരിച്ചിരുന്നു. അത് പറയുന്നത് പോലും ഒരു പ്രിവിലേജിന്റെ പുറത്ത് നിന്നല്ലേ എന്നായിരുന്നു പെണ്കുട്ടിയുടെ ചോദ്യം. നമ്മുടെ രാജ്യത്തെ ഒരു ദളിതനോ പട്ടികവര്ഗത്തില്പ്പെട്ട ഒരാള്ക്കോ ഇങ്ങനെ പറയാന് കഴിയില്ല. അത് നിങ്ങളുടെ സവര്ണ ബോധമാണെന്നും പെണ്കുട്ടി പറഞ്ഞിരുന്നു.
പിന്നീടാണ് ഞാന് അതിനെക്കുറിച്ച് ആലോചിച്ചതെന്നും തെറ്റ് മനസ്സിലായെന്നും തരൂര് പറയുന്നുണ്ട്. അത്തരത്തില് നിലവിലെ വിവാദങ്ങള് തരൂരിനെ പോലും തിരുത്താന് സഹായിക്കുമെന്നാണ് കരുതുന്നത്.' പി കെ ഫിറോസ് പറഞ്ഞു.
തരൂരിന്റെ പരാമര്ശത്തോട് കൂടി റാലിയുടെ ശോഭകെട്ടുവെന്ന് വിചാരിക്കുന്നില്ല. റഷ്യാ ടുഡേ ഉള്പ്പെടെ പരിപാടി കവര്ചെയ്തിരുന്നു. മണ്ണ് പലസ്തീനികളുടേതാണന്ന് തരൂര് പറയുന്നുണ്ടെന്നും പി കെ ഫിറോസ് വ്യക്തമാക്കി.