'തരൂർ ഫാസിസ്റ്റുകൾക്ക് പിടികൊടുക്കാത്ത നേതാവ്, അഭിപ്രായ വ്യത്യാസങ്ങളെ ലീഗ് മാനിക്കുന്നു': കെ എം ഷാജി

'തരൂര് സമ്മേളനത്തിന്റെ സ്പിരിറ്റിനോട് യോജിക്കാത്ത അഭിപ്രായം പറഞ്ഞപ്പോള് തരൂര്ജിക്ക് അറിയില്ലായിരുന്നോ. ആ പുലിക്കുട്ടിയുടെ മകന് പിറകിലുണ്ടെന്ന്, എം കെ മുനീര്. അതല്ലേ ഇന്ത്യ.'

dot image

ദുബായ്: കോണ്ഗ്രസ് എംപി ശശി തരൂരിനെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ഫാസിസ്റ്റുകൾക്ക് പിടികൊടുക്കാത്ത നേതാവാണ് തരൂർ. ഹമാസിനെ കുറിച്ച് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ എം ഷാജി പ്രതികരിച്ചു. മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന് ഐക്യദാർഢ്യ റാലിയില് ഹമാസ് ഭീകരവാദികളാണെന്ന് ശശി തരൂർ പറഞ്ഞത് വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.

'പ്രസംഗത്തിലുടനീളം നിരന്തരം പലസ്തീനികള് അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് തരൂർ പറയുന്നത്. അതിനിടെ നമ്മളുമായി യോജിക്കുന്നതല്ലാത്ത ഒരു കാഴ്ച്ചപ്പാട് സത്യസന്ധമായി പറയുന്നുണ്ട്. ശശി തരൂരിനെ നിങ്ങള്ക്ക് അറിയില്ലേ. നമ്മുടെ എകെ ആന്റണിയുടെ പത്ത് പൈസക്ക് പോലും കൊള്ളാത്ത മകനെ കൊണ്ടുപോകുന്ന ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. മീഡിയയെ അഭിസംബോധന ചെയ്യാന് പോലും ആ പയ്യനറിയില്ല. പത്ത് കൊല്ലം പ്രതിപക്ഷത്തിരിക്കുമ്പോഴും ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ ഫാസിസ്റ്റുകള്ക്കെതിരെ പൊരുതിയ നിരയില് തരൂരുണ്ട്.' കെ എം ഷാജി പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങളെ ലീഗ് മാനിക്കുന്നുവെന്നും കെ എം ഷാജി നിലപാട് വ്യക്തമാക്കി. ദുബൈയിൽ കോഴിക്കോട് ജില്ലാ കെ എം സി സി സംഘടിപ്പിച്ച സി എച്ച് മുഹമ്മദ്കോയ സ്മാരക പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ വിഷയത്തിൽ സിപിഐഎമ്മിലും അത്തരം അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഷാജി പറഞ്ഞു. കെകെ ശെെലജയ്ക്കും എംഎ ബേബിക്കും വ്യത്യസ്ത നിലപാടായിരുന്നില്ലേയെന്നും കെ എം ഷാജി ചോദിച്ചു.

'നമ്മള് എന്താ കോണ്ഗ്രസാവാത്തേന്ന് മനസ്സിലായില്ലേ. ലീഗിന് വേറെ അഭിപ്രായം ഉണ്ട്. കോണ്ഗ്രസിനും അതേ. പണ്ട് നെഹ്റുവിനോട് തര്ക്കിച്ച പാര്ട്ടിയാണ് ലീഗ്. ശശി തരൂരിന്റെ വിവരത്തിനോട് നിങ്ങള്ക്ക് തര്ക്കമൊന്നും ഇല്ലല്ലോ. തരൂര് സമ്മേളനത്തിന്റെ സ്പിരിറ്റിനോട് യോജിക്കാത്ത അഭിപ്രായം പറഞ്ഞപ്പോള് തരൂര്ജിക്ക് അറിയില്ലായിരുന്നോ. ആ പുലിക്കുട്ടിയുടെ മകന് പിറകിലുണ്ടെന്ന്, എം കെ മുനീര്. അതല്ലേ ഇന്ത്യ. വിയോജിക്കുകയും പരസ്പരം തര്ക്കിക്കുകയും ചെയ്യല്ലേ ഇന്ത്യ.' എന്നും ഷാജി അഭിപ്രായപ്പെട്ടു.

dot image
To advertise here,contact us
dot image