പത്തനംതിട്ട: ലൈഫ് പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണം പ്രതിസന്ധിയിൽ. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. മൂന്നുവർഷം കഴിഞ്ഞിട്ടും ഒരു ഫ്ലാറ്റ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
2020 സെപ്റ്റംബർ 24ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് പത്തനംതിട്ട ഏഴംകുളം പഞ്ചായത്തിലെ ഏനാത്തിൽ ലൈഫ് പദ്ധതി പ്രകാരമുള്ള ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 54 കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു ലക്ഷ്യം.
ലൈറ്റ് വെയിറ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതികവിദ്യയിലാണ് നിർമ്മാണം നടത്തുന്നത്. നാല് നിലകളിൽ 28 ഫ്ലാറ്റ് അടങ്ങുന്നതാണ് ഒരു കെട്ടിടം. സ്റ്റീൽ ഫ്രെയിമുകൾ സ്ഥാപിച്ച ഒരു കെട്ടിടത്തിന്റെ പണി 40 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ കരാറുകാരനെതിരെ സമരത്തിന് ഒരുങ്ങുകയാണെന്ന് കെഎസ്കെടിയു ഏരിയ കമ്മിറ്റി സെക്രട്ടറി എസ് സി ബോസും പ്രസിഡൻറ് വിജു രാധാകൃഷ്ണനും വ്യക്തമാക്കി.
ഒരു ഫ്ലാറ്റിൽ രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കും. 7.27 കോടി രൂപയാണ് ചെലവിടുക. 92 സെന്റിലാണ് രണ്ട് കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. രണ്ടാമത്തെ കെട്ടിടത്തിന്റെ അടിത്തറ നിർമ്മാണം മാത്രം പൂർത്തിയായിട്ടുണ്ട്.