കൊച്ചി: കളമശേരി സ്ഫോടനത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെയും ചികിത്സാ ചെലവ് സർക്കാർ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി. അതിൽ ആരും ആശങ്ക പെടേണ്ടതില്ലെന്നും ആശുപത്രികളിൽ ചികിത്സ നന്നായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരൊഴികെയുള്ള ആശുപത്രികള് സന്ദർശിച്ചു. ക്രിട്ടിക്കൽ സ്റ്റേജിലുള്ള രോഗികളുമുണ്ട്. എങ്കിലും പ്രതീക്ഷയിലാണ് ഡോക്ടർമാർ.
40 മുതൽ 50 ശതമാനം മുകളിൽ പൊള്ളലേറ്റവരും ചികിത്സയിലുണ്ട്. ആശുപത്രിയും ഡോക്ടർമാരും അർപ്പണബോധത്തോടെയാണ് ചികിത്സിക്കുന്നത്. ഡോക്ടറും രോഗികളും തമ്മിൽ നല്ല ബന്ധമാണുള്ളത്. സ്ഫോടനത്തിൽ മറ്റെന്തെങ്കിലും മാനമുണ്ടോ എന്ന് അന്വേഷണ ഏജൻസി പരിശോധിക്കും. സ്പെഷ്യൽ ടീം അന്വേഷിക്കുന്നുണ്ട്. ഡിജിപി അടക്കം ക്യാംപ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്. അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർട്ടിൻ പ്രസ്താവിച്ചതിന് പുറമെ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷണത്തിൽ കണ്ടെത്തേണ്ടതാണ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മാത്രമേ പറയാൻ പറ്റൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ പ്രത്യേകത സൗഹാർദവും സാഹോദര്യവുമാണ്. അതിനൊരു പോറലേൽപ്പിക്കാൻ ശ്രമിച്ചാൽ സമൂഹം പിന്തുണ നൽകരുതെന്നതാണ് സർവ്വകക്ഷി യോഗത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലൂടെ മുന്നോട്ടുവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശേരി സ്ഫോടന വാർത്തകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിന് മാധ്യമങ്ങളെ ഇന്നും മുഖ്യമന്ത്രി അഭിനന്ദിച്ചു. മാധ്യമങ്ങളും നല്ല നിലയിലാണ് വാർത്തകൾ കൈകാര്യം ചെയ്തത്. ഊഹാപോഹങ്ങൾ നൽകരുതെന്നും ഔദ്യോഗികമായി പുറത്തുവരുന്ന വിവരങ്ങൾ മാത്രം നൽകിയാൽ മതിയെന്നും മാധ്യമങ്ങൾ തന്നെ മുൻകൈയ്യെടുത്ത് അറിയിച്ചു. ആധികാരികമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് എഡിജിപി പറഞ്ഞത് മാധ്യമങ്ങൾ കൃത്യമായി കൈകാര്യം ചെയ്തുവെന്നും എല്ലാ അർത്ഥത്തിലും കേരള തനിമ നിലനിർത്താൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എന്നെ വര്ഗീയവാദിയാക്കാന് മുഖ്യമന്ത്രിക്ക് എന്ത് അധികാരം'; പരാമര്ശത്തില് ഉറച്ച് കേന്ദ്രമന്ത്രിഅതേസമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി ഇന്നും വിമർശനം ഉന്നയിച്ചു. രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല കൊടും വിഷമാണെന്നും മുഖ്യമന്ത്രി വിമർശിച്ചത്. ഒരു വിടുവായൻ പറയുന്ന കാര്യമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതല്ല ഇത്തരമൊരു പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. കളമശേരി സ്ഫോടനം നടന്നതിന് പിന്നാലെ കേന്ദ്രമന്ത്രി നടത്തിയ പരാമർശത്തിന് മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയിരുന്നു. ഇന്ന് വീണ്ടും ഇത് ആവർത്തിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
'ഹിന്ദുത്വ സംഘടനകളിൽ നിന്നുണ്ടായത് ഇസ്ലാമോഫോബിയ'; കളമശേരി സ്ഫോടനത്തിൽ അപലപിച്ച് സീതാറാം യെച്ചൂരി