കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ കേസ് ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ല. തിരിച്ചറിയൽ പരേഡിന് അനുമതി തേടി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
റിമാൻഡ് റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നു. ബോംബ് നിർമ്മിച്ചത് മാർട്ടിൻ തന്നെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മാർട്ടിൻ ഉയർന്ന ശമ്പളത്തിൽ 15 വർഷം ദുബായിൽ ജോലി ചെയ്തു. തിരിച്ചുവന്ന ശേഷം വീണ്ടും വിദേശത്തേക്ക് പോയി. സ്വന്തമായി തീരുമാനിച്ച് ഉറപ്പിച്ചാണ് മാർട്ടിൻ കൃത്യം ചെയ്തത്. ഡൊമിനിക് മാർട്ടിൻ ബ്രെയിൻ വാഷിന് വിധേയനായിട്ടില്ലെന്നും ഡൊമിനിക് മാർട്ടിൻ ബുദ്ധിശാലിയും കഠിനാധ്വാനിയുമാണെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതിക്ക് വേണ്ടി ജില്ലാ ലീഗല് സര്വീസ് അതോറിറ്റി അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. എന്നാൽ നിയമന സേവന അതോറിറ്റിയുടെ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നാണ് ഡൊമിനിക് മാര്ട്ടിന് കോടതിയെ അറിയിച്ചത്. താന് സ്വന്തമായി കേസ് നടത്താം. സ്വന്തം ശബ്ദത്തില് വാദിക്കാനാണ് താല്പര്യം. നിയമന സേവന അതോറിറ്റിയുടെ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നുമാണ് ഡൊമിനിക് മാര്ട്ടിന് പറഞ്ഞത്. ഡൊമിനിക് മാര്ട്ടിന്റെ ഈ ആവശ്യം കോടതി അംഗീകരിച്ചു.
'സ്വന്തമായി വക്കീലിനെ ആവശ്യമില്ല, താന് തന്നെ വാദിക്കും'; കോടതിയില് ഡൊമിനിക് മാര്ട്ടിന്