പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ സസ്പെൻസ് അക്കൗണ്ട് സംവിധാനം ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ പുറത്ത്. ബാങ്കിൽ 6,75,48,093.65 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് റിപ്പോർട്ട്. സഹകരണ വകുപ്പിന്റെ ഓഡിറ്റ് സ്പെഷ്യൽ റിപ്പോർട്ടിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
സിപിഐഎം ഭരിക്കുന്ന ബാങ്കിൽ ആറ് കോടി 75 ലക്ഷത്തിൽ പരം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മറ്റൊരു ബാങ്ക് കോടതി വിധിപ്രകാരം ജപ്തി ചെയ്ത ഭൂമി ഈട് വച്ചും ബാങ്കിൽ നിന്ന് വായ്പ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
2016 മാർച്ച് 17 ലെ റാന്നി മുൻസിഫ് കോടതി ഉത്തരവിലൂടെ ചിറ്റാർ ഗ്രാമീൺ ബാങ്ക് അറ്റാച്ച്മെന്റ് നടത്തിയെടുത്ത ഭൂമി ജാമ്യമായി സ്വീകരിച്ച് സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നിന്നും പതിനൊന്ന് ലക്ഷം രൂപ വായ്പ അനുവദിച്ചെന്നാണ് പരാതി. MTOL 146/16-17,147/16-17,148/16-17,149/16-17 എന്നീ ലോണുകൾ മറ്റൊരു ബാങ്ക് ജപ്തി ചെയ്ത വസ്തുവിന്റെ ജാമ്യത്തിലാണ് നൽകിയത്.
അന്വേഷണം ബാങ്ക് സെക്രട്ടറിമാരിൽ മാത്രം ഒതുക്കരുതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രതീഷ് കെ നായർ ആവശ്യപ്പെട്ടു. ബാങ്കിലെ സസ്പെൻസ് അക്കൗണ്ട് ദുരുപയോഗം ചെയ്തും സാമ്പത്തിക തട്ടിപ്പ് നടത്തി. മുൻ ബാങ്ക് സെക്രട്ടറി കെ യു ജോസിന്റെ അക്കൗണ്ടിലേക്ക് സസ്പെൻസ് അക്കൗണ്ടിൽ നിന്നും 6,53, 827 രൂപ ട്രാൻസ്ഫർ ചെയ്തതായും രേഖയുണ്ടാക്കി. കൂടാതെ കെ യു ജോസിന്റെ പിഎഫ് ലോണിലേക്ക് 2,75,000 രൂപയും സസ്പെൻസ് അക്കൗണ്ടിൽ നിന്നും വരവ് ചെയ്തതായി രേഖയുണ്ടാക്കി. സസ്പെൻസ് അക്കൗണ്ട് മറയാക്കി തട്ടിപ്പ് നടത്തിയത് മുൻ സെക്രട്ടറി കെ യു ജോസ് മാത്രമാണോ എന്ന് വിശദമായി അന്വേഷിക്കണമെന്നും രതീഷ് കെ നായർ ആവശ്യപ്പെട്ടു.
ബാങ്ക് മുൻ സെക്രട്ടറിമാരായ കെ യു ജോസ്, കെ എൻ സുഭാഷ് എന്നിവരെ മാത്രം പ്രതികളാക്കിയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേരുടെയും വീടുകളിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്ന ബാങ്ക്, ഭരണസമിതി തന്നെ ബലിയാടാക്കിയതായി മുൻ സെക്രട്ടറി കെ യു ജോസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.