കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിൻ ആസൂത്രണം നടത്തിയത് വിദേശത്ത് വെച്ചെന്ന് മൊഴി. കുട്ടികൾക്ക് കളിപ്പാട്ടം നിർമ്മിക്കാൻ എന്ന പേരിലാണ് റിമോട്ടുകളും ബാറ്ററികളും വാങ്ങിയത്. അന്വേഷണത്തിൽ സൈബർ വിദഗ്ധരുടെ സഹായം തേടാനാണ് പൊലീസിന്റെ തീരുമാനം.
യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതറിഞ്ഞാണ് ഡൊമിനിക് മാർട്ടിൻ വിദേശത്ത് നിന്ന് നാട്ടിൽ എത്തിയത്. ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും വാങ്ങിയത് കുട്ടികൾക്ക് കളിപ്പാട്ടം നിർമിക്കാനെന്ന പേരിലാണെന്ന് ഇയാൾ മൊഴി നൽകി. എറണാകുളം പള്ളിമുക്കിലെ ഇലക്ട്രോണിക്സ് കടകളിൽ നിന്നാണു 4 റിമോട്ടും വയറുകളും വാങ്ങിയത്. സംശയം തോന്നാതിരിക്കാൻ വിവിധ കടകളിൽ നിന്നായാണ് വാങ്ങിയത്. തൃപ്പൂണിത്തുറയിലെ കടയിൽ നിന്നു ഗുണ്ടും പമ്പുകളിൽ പോയി പെട്രോളും വാങ്ങി.
വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയങ്ങളിൽ അത്താണിയിലെ ഫ്ലാറ്റിൽ എത്തി ബോംബ് നിർമിച്ചെന്നാണു പൊലീസ് കരുതുന്നത്. തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സ്ഫോടനത്തില് മൂന്നുപേര് മരിച്ച കാര്യം പോലീസ് സൂചിപ്പിച്ചത്. എന്നാല്, പ്രതിക്ക് യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല. ഒരു കുഞ്ഞ് മരിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോഴും കുലുക്കമില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം പടക്കക്കട, ഇലക്ട്രോണിക്സ് കടകൾ, പെട്രോൾ പമ്പുകൾ, ലോഡ്ജ്, കൺവൻഷൻ ഹാൾ എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുക്കും. മാർട്ടിന്റെ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലാണ്.
കളമശേരി സ്ഫോടനക്കേസ്; അന്വേഷണ സംഘം തിരിച്ചറിയല് പരേഡിനുള്ള അപേക്ഷ നല്കും