മരട് ഫ്ലാറ്റ് പൊളിക്കൽ, ഉടമകൾക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ബിൽഡറുടെ പ്രവർത്തികൾ വഞ്ചനാപരവും സേവനത്തിലെ പോരായ്മയും ആണെന്ന് കോടതി വിലയിരുത്തി.

dot image

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റപ്പെട്ട മരടിലെ എച്ച്ടുഓ (H2O) ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി, പാർപ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപ കൂടാതെ, നിർമ്മാണ കമ്പനിയുടെ അധാർമിക വ്യാപാര രീതി മൂലം ഉപഭോക്താവ് എന്ന നിലയിൽ വഞ്ചിക്കപ്പെട്ടതിനും മാനസിക സാമ്പത്തിക നഷ്ടം ഉണ്ടായതിനും 23,12,000 രൂപ കൂടി നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോതൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ് നൽകിയത്. കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

ഇന്ത്യൻ നേവിയിൽ നിന്നും വിരമിച്ച ക്യാപ്റ്റൻ കെ കെ നായരും ഭാര്യ ഗീതാ നായരും കൊച്ചിയിലെ ഹോളി ഫെയ്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കോടതി ഉത്തരവിനെ തുടർന്ന് ഫ്ലാറ്റ് പൊളിച്ച് നീക്കിയതിനാൽ പരാതിക്കാരന് പാർപ്പിടവും നിക്ഷേപിച്ച തുകയും നഷ്ടപ്പെടുകയുണ്ടായി. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തിയാണ് നിർമ്മാണ കമ്പനി പരാതികാരന് ഫ്ലാറ്റ് വിൽപ്പന നടത്തിയത്. എന്നാൽ, ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത് കോസ്റ്റൽ റഗുലേഷൻ സോൺ (CRZ) നോട്ടിഫിക്കേഷൻ ലംഘിച്ചാണെന്ന് മരട് ഫ്ലാറ്റ് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിൽഡറുടെ പ്രവർത്തികൾ വഞ്ചനാപരവും സേവനത്തിലെ പോരായ്മയും ആണെന്ന് കോടതി വിലയിരുത്തി.

"ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഇത്തരം നിലപാടുകൾ മൂലം നിരവധി ആളുകളാണ് സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകളുമായി കഷ്ടത അനുഭവിക്കുന്നത്. ഫ്ലാറ്റിന് നിയമപ്രകാരം ലഭിക്കേണ്ട എല്ലാ അനുമതികളും ഉണ്ടെന്ന് ചില നിർമാതാക്കൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. സാധാരണക്കാരുടെ വീടെന്ന സ്വപ്നം തകർത്ത് അധാർമിക വ്യാപാരരീതി അനുവർത്തിക്കുന്ന കെട്ടിട നിർമ്മാതാക്കളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കാഴ്ചക്കാരായി നോക്കി നിൽക്കാനാകില്ലെന്ന് " കോടതി വ്യക്തമാക്കി.

dot image
To advertise here,contact us
dot image