കോഴിക്കോട്: കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്ന പാലസ്തീന് ഐക്യദാര്ഡ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്. കോണ്ഗ്രസിനെ ക്ഷണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കും. ഏക സിവില് കോഡിന് എതിരായ റാലിയിലും ക്ഷണിച്ചിരുന്നു. കോണ്ഗ്രസിനെ ക്ഷണിക്കില്ല. ലീഗ് റാലിയില് കോണ്ഗ്രസിനെ ക്ഷണിച്ച അനുഭവം മുന്നിലുണ്ടെന്നും പി മോഹനന് പറഞ്ഞു.
ഒക്ടോബര് ഏഴിലെ ആക്രമണത്തെ ന്യായീകരിക്കുന്നില്ല. എന്നാല് ഹമാസിനെ ഭീകരപ്രസ്ഥാനമായി കാണുന്നില്ലെന്നംു പി മോഹനന് പറഞ്ഞു.
പലസ്തീന് ഐക്യദാര്ഢ്യ റാലിയിലേക്ക് സിപിഐഎം ക്ഷണിച്ചാല് ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര് എംപി പറഞ്ഞിരുന്നു. ക്ഷണിച്ചാല് ഉറപ്പായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നില്ക്കേണ്ട സമയമാണ്. ഏക സിവില് കോഡ് സെമിനാറില് പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണ്. പാര്ട്ടി കൂടിയാലോചിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാല് പരിപാടിയില് ലീഗിന് പങ്കെടുക്കാവുന്നതാണ്. പലസ്തീന് വിഷയത്തില് എല്ലാവരും ഒറ്റക്കെട്ടായി നില്ക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര് പറഞ്ഞു.