കോഴിക്കോട്: സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്ഢ്യ റാലിയില് മുസ്ലീംലീഗിന് ക്ഷണം. മുസ്ലീം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പിഎംഎ സലാമിനെ ക്ഷണിച്ചിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു. ആലോചിച്ച് മറുപടി പറയാമെന്നാണ് സലാം മറുപടി നല്കിയതായും പി മോഹനന് വ്യക്തമാക്കി.
മുസ്ലീം ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള ക്രിയാത്മകമായ സമീപനമാണ് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള് സ്വീകരിക്കേണ്ടത്. ആ നിലക്കുള്ള സമീപനമാണ് മുസ്ലീം ലീഗ് സ്വീകരിക്കുന്നത്. അതില് എന്താണ് തെറ്റെന്നും പി മോഹനന് ചോദിച്ചു.
സിപിഐഎമ്മും മുസ്ലീം ലീഗും രാഷ്ട്രീയമായി അടുത്തുവരുന്നതിന്റെ പ്രശ്നമല്ല ഇത്തരം ക്ഷണവും അത് സ്വീകരിക്കുന്നതും. എല്ഡിഎഫിന് പുറത്തുനിന്ന് മുസ്ലീംലീഗിന് മാത്രമേ ക്ഷണമുള്ളൂ. കോണ്ഗ്രസിനെ ക്ഷണിക്കുന്നില്ല. പക്ഷെ കോണ്ഗ്രസ് പ്രവര്ത്തകര് പരിപാടിയിലേക്ക് ഒഴുകിയെത്തുമെന്നും പി മോഹനന് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു. റാലിയില് പങ്കെടുക്കുമെന്ന മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം പോസിറ്റീവാണെന്നും പി മോഹനന് കൂട്ടിച്ചേര്ത്തു.